Surgical strike; sharp answer to Pakistan from India

ന്യൂഡല്‍ഹി : പാക് മണ്ണില്‍ കയറി തിരിച്ചടിക്കാന്‍ ഇന്ത്യയെ പെട്ടെന്ന് പ്രകോപിപ്പിച്ചത് പാക് പ്രതിരോധമന്ത്രിയുടെ പ്രകോപനം.

ഉറി ആക്രമണത്തില്‍ രോഷാകുലരായി നിന്ന സൈന്യത്തിന്റെയും രാജ്യത്തെ ജനങ്ങളുടെയും ക്ഷമയെ പരീക്ഷിക്കുന്നതായിരുന്നു പാക് പ്രതിരോധ മന്ത്രി ഖൗജ ആസിഫിന്റെ പ്രകോപനം.

ഇന്ത്യയുടെ വരും തലമുറകളെ നശിപ്പിക്കാന്‍ ശേഷിയുള്ള മാരകമായ ബോംബുകള്‍ പാക്കിസ്ഥാന്റെ പക്കലുണ്ടെന്നും അത് ചില്ല്കൂട്ടില്‍ സൂക്ഷിക്കാനല്ലെന്നും പ്രയോഗിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.

ഈ പ്രകോപനം ഇന്ത്യന്‍ സൈന്യത്തെ വലിയ രൂപത്തില്‍ പ്രകോപിപ്പിച്ചിരുന്നു. പാക്കിസ്ഥാന്റെ വെല്ലുവിളി ഏറ്റെടുത്തില്ലെങ്കില്‍ ഇന്ത്യയുടെ അഭിമാനം ലോകത്തിന് മുന്നില്‍ ചോദ്യം ചെയ്യപ്പെടുമെന്ന് സൈന്യം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു.

ഉറി ആക്രമണത്തിലെ തിരിച്ചടി വൈകുന്നത് പാക്കിസ്ഥാനെ അഹങ്കാരികളാക്കി മാറ്റുന്നതില്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും കടുത്ത പ്രതിഷേധത്തിലായിരുന്നു. പാക്ക് പ്രതിരോധ മന്ത്രിയുടെ പ്രകോപനം കൂടി വന്നതോടെ ഇനി ഒട്ടും വൈകിപ്പിക്കേണ്ടന്ന് തത്വത്തില്‍ തീരുമാനമെടുക്കുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി, കര-നാവിക വ്യോമസേന മേധാവികള്‍ പ്രതിരോധ മന്ത്രി തുടങ്ങിയവര്‍ ഒറ്റക്കെട്ടായി എടുത്ത തീരുമാനങ്ങള്‍ക്ക് പിറകില്‍ ദോവലിന്റെ ഇടപെടലായിരുന്നു നിര്‍ണ്ണായകമായിരുന്നത്.

പാക് സൈന്യം മാറ്റി പാര്‍പ്പിച്ച ഭീകരരുടെ ക്യാമ്പുകള്‍ കണ്ടെത്തി അവിടങ്ങളിലാണ് ഇന്ത്യന്‍ കമാന്‍ഡോകള്‍ മിന്നല്‍ ആക്രമണം നടത്തിയത്. കര-നാവിക-വ്യോമ സേനകളെ ആക്രമണത്തിനായി പൂര്‍ണ്ണ സജ്ജമാക്കി നിര്‍ത്തിയായിരുന്നു ആക്രമണം. ഇന്ത്യന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ ശ്രമിച്ച നിരവധി പാക്ക് സൈനികരും ഭീകരരോടൊപ്പം കൊല്ലപ്പെട്ടിട്ടുണ്ട്.

ഏതെങ്കിലും തരത്തില്‍ പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് തിരിച്ചടി ഉണ്ടായാല്‍ കറാച്ചിയില്‍ ആക്രമണം നടത്തുവാന്‍ പ്രത്യേക ബോംബര്‍ വിമാനങ്ങളെയും തയ്യാറാക്കി നിര്‍ത്തിയിരുന്നു.

പാക്ക് സ്‌പോണ്‍സേര്‍ഡ് ഭീകരവാദം തുടച്ച് നീക്കിയില്ലെങ്കില്‍ ലോകത്തിന് തന്നെ ഭീഷണിയാണെന്ന് അമേരിക്ക, റഷ്യ, ജപ്പാന്‍, ജര്‍മ്മനി, ഫ്രാന്‍സ്, ഇംഗ്ലണ്ട്, ഇസ്രായേല്‍ തുടങ്ങിയ ലോക രാഷ്ട്രങ്ങളെയും ഇന്ത്യ ബോദ്ധ്യപ്പെടുത്തിയിരുന്നു.

ചൈനയുടെ പിന്‍തുണ പ്രതീക്ഷിച്ച പാക്കിസ്ഥാന് പൂര്‍ണ്ണമായും പിന്‍തുണക്കുന്ന മുന്‍ നിലപാടില്‍ നിന്ന് ചൈന ഏറെ പിറകോട്ട് പോയതും അവര്‍ക്ക് തിരിച്ചടിയായിരുന്നു.

ഈ ഭൗതിക സാഹചര്യങ്ങളെല്ലാം അനുകൂലമാക്കിയാണ് ഉചിതമായ സ്ഥലത്ത് തീരുമാനിച്ച സ്ഥലത്ത് തന്നെ ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാനെ പ്രഹരിച്ചിരിക്കുന്നത്.

Top