surgical strikes; Modi following Indira Gandhi

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോള്‍ മോഡല്‍ സാക്ഷാല്‍ ഇന്ദിരാഗാന്ധിയോ ?

ഉറി ആക്രമണത്തിന് ചങ്കുറപ്പുള്ള നീക്കത്തിലൂടെ പാക് മണ്ണില്‍ തോക്ക് കൊണ്ട് മറുപടി നല്‍കിയ ഇന്ത്യന്‍ സൈന്യത്തെ രാഷ്ട്രീയ കക്ഷി ഭേദമന്യേ അഭിനന്ദിക്കുമ്പോഴും രാഷ്ട്രീയ കേന്ദ്രങ്ങളിലുയരുന്ന ഒരു പ്രധാന ചര്‍ച്ചയാണിത്.

modi

നെഹ്‌റു കുടുംബത്തില്‍ ഇന്ദിരാഗാന്ധിയെ ഒഴികെ മറ്റെല്ലാവരെയും കടുത്ത ഭാഷയില്‍ നിരവധി തവണ വിമര്‍ശിച്ച മോദി നെഹ്‌റുവിനെ പോലും വെറുതെ വിട്ടില്ലെങ്കിലും ഇന്ദിരയെക്കുറിച്ച് ഇന്നുവരെ ഒരു ആക്ഷേപവും ഉന്നയിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് ഈ ചര്‍ച്ച.

ഒരു കരുത്തുറ്റ ഭരണാധികാരിക്ക് വേണ്ട ജനകീയ സ്വീകാര്യത, പൊളിറ്റിക്കല്‍ പാര്‍ട്ടിയുടെ പിന്‍തുണ,ശക്തമായ തീരുമാനമെടുക്കാനുള്ള ധൈര്യം ഇവ ഇന്ദിരാഗാന്ധിക്ക് ശേഷം പ്രകടമാക്കിയ നേതാവ് മോദിയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

ഇപ്പോള്‍ ഉറിയിലുണ്ടായതിന് സമാനമായ സാഹചര്യം 1971ല്‍ ഉണ്ടായപ്പോള്‍ അമേരിക്കയെ പോലും വെല്ലുവിളിച്ച് പാക്കിസ്ഥാനുമായി യുദ്ധം പ്രഖ്യാപിക്കാന്‍ ഇന്ദിരാഗാന്ധി കാണിച്ച ചങ്കൂറ്റമാണ് വിജയം വരിക്കാന്‍ സൈന്യത്തിന് കരുത്തായിരുന്നത്.

indira gandhi

അമേരിക്കയുടെ അടുത്ത സുഹൃത്തായിരുന്ന പാക്കിസ്ഥാന് കനത്ത തിരിച്ചടി നല്‍കി കിഴക്കന്‍ പാക്കിസ്ഥാനെ ബംഗ്ലാദേശാക്കി വിഭജിച്ച ഇന്ത്യയുടെ നടപടി ലോകരാഷ്ട്രങ്ങളെ പോലും ഞെട്ടിച്ചിരുന്നു.

പാക്കിസ്ഥാനെ സഹായിക്കുന്നതിനായി അമേരിക്ക പറഞ്ഞയച്ച ഏഴാം പടക്കപ്പല്‍ വ്യൂഹത്തെ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് മടക്കി അയക്കാന്‍ ഇന്ത്യന്‍ നാവിക സേനക്കൊപ്പം അന്ന് സോവിയറ്റ് യൂണിയന്റെ പടക്കപ്പലുകളും രംഗത്തെത്തിയിരുന്നു.

‘കൊടിച്ചിപട്ടി’ എന്ന രൂപത്തില്‍ വളരെ മോശം പരാമര്‍ശം നടത്തി ഇന്ത്യന്‍ പ്രധാനമന്ത്രിയെ അപമാനിച്ച അമേരിക്കന്‍ പ്രസിഡന്റിനുള്ള ചുട്ട മറുപടി കൂടിയായിരുന്നു ഇന്ത്യയുടെ ഐതിഹാസിക വിജയം.രണ്ട് ലക്ഷത്തോളം പാക് പട്ടാളക്കാരാണ് ആ യുദ്ധത്തില്‍ ഇന്ത്യന്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങിയത്.

indira gandhi

ശക്തമായ നേതൃത്വമാണ് ഏതൊരു രാജ്യത്തിന്റെയും കരുത്ത് എന്ന് ബോധ്യപ്പെടുത്തുന്ന സൈനിക നടപടിയായിരുന്നു അത്.

ഇന്ദിരക്ക് ശേഷം നിരവധി പ്രധാനമന്ത്രിമാര്‍ ഇന്ത്യക്ക് ഉണ്ടായിട്ടുണ്ടെങ്കിലും രാജ്യത്തിനകത്ത് കയറിയും അതിര്‍ത്തിയിലും പാക് സൈന്യവും ഭീകരരും ജനങ്ങള്‍ക്കെതിരെയും സൈന്യത്തിന് നേരെയും ആക്രമണം നടത്തുന്ന ഘട്ടത്തിലൊന്നും അതിര്‍ത്തി കടന്ന് ആക്രമണം നടത്താന്‍ അവരാരും നിര്‍ദ്ദേശം നല്‍കിയിരുന്നില്ല.

ഇതു തന്നെയാണ് പാക് സൈന്യത്തിനും ഭീകരര്‍ക്കും തുടര്‍ച്ചയായി ഇന്ത്യയില്‍ ആക്രമണം നടത്തുന്നതിന് പ്രചോദനമായിരുന്നത്.

army

ഇപ്പോള്‍ ഉറിയില്‍ സൈനിക ക്യാമ്പ് ആക്രമിച്ചതിന് പാക് മണ്ണില്‍ കയറി തിരിച്ചടിച്ച് വന്‍ നാശം വിതച്ച ഇന്ത്യന്‍ സൈന്യം വ്യക്തമായ മറുപടി ലോകത്തിന് മുന്നില്‍ നല്‍കിയിരിക്കുകയാണ്.

ഇന്ത്യക്കെതിരെ ആര് നീങ്ങിയാലും അതിര്‍ത്തി ലംഘിച്ചും തിരിച്ചടിക്കുമെന്ന വ്യക്തമായ സന്ദേശം. ചൈനക്കും ഇതൊരു സൂചന തന്നെയാണ്.

ഇത്തരമൊരു ശക്തമായ തീരുമാനമെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞത് രാഷ്ട്രീയപരമായി സ്വന്തം പാര്‍ട്ടിയില്‍ നിന്ന് അദ്ദേഹത്തിന് ലഭിച്ച പരിപൂര്‍ണ്ണ പിന്‍തുണയും സൈന്യത്തിന്റെ വികാരവും, തന്ത്രശാലിയായ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലിന്റെ കൂര്‍മ്മ ബുദ്ധിയുമാണ്.

ആക്രമണത്തിന് ശേഷം പ്രതിപക്ഷ പാര്‍ട്ടികളെ ഒറ്റക്കെട്ടായി കൂടെ നിര്‍ത്താനായി എന്നതും അദ്ദേഹത്തിന്റെ വിജയമാണ്

Top