ജയ്പൂര്‍ : മന്‍മോഹന്‍ സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യ മൂന്ന് സര്‍ജിക്കല്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നുവെന്ന് രാഹുല്‍ ഗാന്ധി. അതിനെക്കുറിച്ച് പ്രധാനമന്ത്രി കേട്ടിട്ടുണ്ടോയെന്നും രാഹുല്‍ഗാന്ധി ചോദിച്ചു.
യുവാക്കള്‍ തൊഴിലില്ലാതെ നടക്കുകയും തൊഴിലില്ലായ്മ പെരുകുന്നതും മറച്ചുവെയ്ക്കാനാണ് ഇന്ത്യന്‍ സൈന്യം 2016 ല്‍ നടത്തിയ സര്‍ജിക്കല്‍ ആക്രമണത്തെ മോദി രാഷ്ട്രീനേട്ടമായി ആഘോഷിക്കുന്നത് എന്നാല്‍ മന്‍മോഹന്‍ കാലത്ത് നടത്തിയ ആക്രമണം രാജ്യ രഹസ്യമായി സൂക്ഷിക്കാന്‍ സൈന്യം താല്‍പ്പര്യം പ്രകടിപ്പിച്ചെന്നും രാഹുല്‍ രാജസ്ഥാനില്‍ പറഞ്ഞു.
യുവാക്കള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതില്‍ വന്ന പരാജയമാണ് സര്‍ജിക്കല്‍ അറ്റാക്കിന്റെ പേരില്‍ മോദി ഉപയോഗിക്കുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് രാജ്യത്തെ ബാങ്കുകളില്‍ ഉണ്ടായിരുന്ന രണ്ടു ലക്ഷം കോടി നോണ്‍ പെര്‍ഫോമിംഗ് അസറ്റ് ബിജെപി സര്‍ക്കാര്‍ വന്ന ശേഷം 12 ലക്ഷം കോടിയായി ഉയര്‍ന്നെന്നും എന്നാല്‍ സര്‍ക്കാര്‍ വായ്പ എഴുതിത്തള്ളിയത് 15 മുതല്‍ 20 വരെ വ്യവസായികളുടെതാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
രാജ്യത്തെ ബാങ്കിംഗ് സംവിധാനങ്ങള്‍ വ്യവസായികള്‍ക്ക് വേണ്ടി മാത്രമുള്ളതാണ്. നോട്ട് നിരോധനവും ജിഎസ്ടിയും ഈ സര്‍ക്കാര്‍ കൊണ്ടുവന്നു. എന്നാല്‍ രണ്ടും ഇപ്പോഴും ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുകയാണ്. അത് വന്‍കിട കമ്പനികള്‍ക്ക് വാതില്‍ തുറന്നു കൊടുക്കാന്‍ വേണ്ടിയുള്ള അഴിമതിയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.