ന്യൂഡല്‍ഹി: കോവിഡ് സ്ഥിരീകരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. എയിംസില്‍ പോകുന്നതിനു പകരം സമീപ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ അമിത് ഷാ ചികിത്സ തേടിയത് അത്ഭുതപ്പെടുത്തുന്നുവെന്നാണ് തരൂര്‍ പറഞ്ഞത്.
‘അസുഖം വന്നപ്പോള്‍ നമ്മുടെ ആഭ്യന്തര മന്ത്രി ഡല്‍ഹിയിലെ എയിംസ് തെരഞ്ഞെടുക്കാതെ അയല്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലേക്കു പോയതില്‍ ആശ്ചര്യം തോന്നുന്നു. അധികാരത്തിലുള്ളവരുടെ പരിലാളനയും രക്ഷാകര്‍തൃത്വവും പൊതു സ്ഥാപനങ്ങള്‍ക്ക് ആവശ്യമാണെന്നും തരൂര്‍ ട്വിറ്ററില്‍ അഭിപ്രായപ്പെട്ടു’.
ആധുനിക ഇന്ത്യയുടെ ദേവാലയങ്ങള്‍ എന്ന സങ്കല്‍പത്തില്‍ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി സൃഷ്ടിച്ചതാണ് എയിംസ്. വന്‍ വ്യവസായങ്ങള്‍, ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാമ്പത്തിക സംഘടനകള്‍ തുടങ്ങിയവയുടെ സങ്കലനത്തിലൂടെ ആധുനിക ഇന്ത്യയെ സൃഷ്ടിച്ചെടുക്കാനുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു ഈ പ്രോജക്ടുകള്‍ എന്നായിരുന്നു തരൂര്‍ പങ്കുവച്ച ട്വീറ്റ്.