ന്യൂഡല്‍ഹി: സൂര്യനെല്ലി പെണ്‍വാണിഭക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ നല്‍കിയ അപ്പീലുകളില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി ഏപ്രില്‍ 13ലേക്ക് മാറ്റി.
ജാമ്യാപേക്ഷകള്‍ പരിഗണിക്കരുതെന്ന് സംസ്ഥാനത്തിനുവേണ്ടി ഹാജരായ അഡ്വ. വി. ഗിരിയും സ്റ്റാന്‍ഡിങ് കോണ്‍സല്‍ എം.ആര്‍. രമേശ് ബാബുവും നേരത്തേ വാദിച്ചിരുന്നു. തുടര്‍ന്നാണ് വ്യാഴാഴ്ച വാദം കേള്‍ക്കാന്‍ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചത്. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ധര്‍മരാജന്‍ അടക്കമുള്ള 29 പ്രതികളുടെ അപ്പീലുകളാണ് സുപ്രീംകോടതിയിലുള്ളത്.
സൂര്യനെല്ലി പെണ്‍വാണിഭക്കേസ് പ്രതികളില്‍ നാലുപേരൊഴിച്ചുള്ള എല്ലാവരേയും ശിക്ഷിച്ചുകൊണ്ടുള്ള പ്രത്യേക കോടതി വിധി ഹൈക്കോടതി റദ്ദാക്കുകയും ധര്‍മ്മരാജന്‍ ഒഴികെയുള്ളവരെ വെറുതെ വിടുകയും ചെയ്തിരുന്നു.
ഇതിനെതിരെ സര്‍ക്കാരും ഇരയായ പെണ്‍കുട്ടിയും സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുകയും 2013 ജനുവരിയില്‍ ഈ വിധി സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു. കൂടാതെ ഹൈക്കോടതി പുനഃപരിശോധനക്കും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് ഹൈകോടതി നടത്തിയ പുനര്‍വിചാരണയില്‍ പഴയ വിധി അസാധുവാക്കുകയും കീഴ്‌ക്കോടതി വിധി ഭേദഗതികളോടെ അംഗീകരിക്കുകയുമായിരുന്നു.