ന്യൂഡല്‍ഹി: ആരോഗ്യ പരിരക്ഷയ്ക്കും വിദ്യാഭ്യാസത്തിനും പണം മുടക്കുന്ന കാര്യത്തില്‍ ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 158-ാം സ്ഥാനത്ത്. 195 രാജ്യങ്ങളില്‍ നടത്തിയ സര്‍വ്വെയുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം വ്യക്തമായത്. സുഡാന്‍, ചൈന, അസര്‍ബെയ്ജാന്‍, ബോസ്‌നിയ തുടങ്ങിയ രാജ്യങ്ങളെക്കാളെല്ലാം പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ഫിന്‍ലാന്റാണ് സര്‍വ്വെയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്.
1990ലെ കണക്കനുസരിച്ച് ആരോഗ്യ രംഗത്ത് ഇന്ത്യയുടെ സ്ഥാനം 162 ആയിരുന്നു. 2016ലെ കണക്കനുസരിച്ചാണ് ഇപ്പോള്‍ 158ലേയ്ക്ക് എത്തിയിരിക്കുന്നത്. ഇത് വലിയ നേട്ടമായി കണക്കാക്കാമെന്നാണ് ഒരു വിലയിരുത്തല്‍. 7 വര്‍ഷത്ത വളര്‍ച്ചാ നിരക്ക്, ഒരു വര്‍ഷം ഏറ്റവുമധികം ആഭ്യന്തര ഉല്‍പ്പാദനമുള്ള സമയത്ത് ജോലി ചെയ്യുന്ന രാജ്യത്തെ ആളുകളുടെ എണ്ണം, പ്രാഥമിക ആരോഗ്യ നില, സ്‌കൂള്‍ വിദ്യാഭ്യാസ കാലഘട്ടം, പഠനങ്ങള്‍ തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് റാംങ്കിങ് നിശ്ചയിച്ചിരിക്കുന്നത്.
വിദ്യാഭ്യാസ രംഗത്തും ആരോഗ്യ മേഖലയിലും ഈ കാലയളവില്‍ എത്ര രൂപ ചെലവഴിച്ചു, ആളോഹരി വരുമാനം, ജിഡിപി തുടങ്ങിയവയെല്ലാം പരിഗണിച്ചാണ് സര്‍വ്വെ നടത്തിയത്. മാനവ വിഭവശേഷി അന്താരാഷ്ട്ര സാമ്പത്തിക മേഖലയില്‍ വലിയ സ്വാധീനം ചെലുത്തുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതിനാല്‍, ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപം ആവശ്യമാണന്നും ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
പ്രധാനമന്ത്രിയുടെ ആയുഷ്മാന്‍ ഭാരത് പദ്ധതി ലോകോത്തര ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്ന സമയത്താണ് ഈ സര്‍വ്വേ ഫലങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമാധാനത്തിനുള്ള നോബേല്‍ സമ്മാനം നേടാനും നാമനിര്‍ദ്ദേശം ചെയ്തു കഴിഞ്ഞു. രാജ്യത്തെ 10 കോടി കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം സാമ്പത്തിക സഹാസഹായം ലഭ്യമാക്കുന്ന പദ്ധതിയാണിത്. 50 കോടി ജനങ്ങള്‍ക്ക് ഇത് ഉപകരിക്കുമെന്നാണ് കേന്ദ്രത്തിന്റെ കണക്കു കൂട്ടല്‍.
ആയുഷ്മാന്‍ ഭാരത് ആരോഗ്യ പദ്ധതിയുടെ നേട്ടങ്ങളും ഗുണങ്ങളും വിശദീകരിച്ച് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക കത്ത് പുറത്തിറക്കിയിട്ടുണ്ട്. ഗുണഭോക്താക്കളായ കുടുംബങ്ങള്‍ക്ക് ഇത് കൈമാറും.
പ്രധാനമന്ത്രി ജന ആരോഗ്യ അഭിയാന്‍ എന്ന പദ്ധതിയാണ് പിന്നീട് പേരുമാറ്റി ആയുഷ്മാന്‍ ഭാരത് എന്നാക്കി മാറ്റിയത്. ഒട്ടേറെ സ്വകാര്യ ആശുപത്രികള്‍ പദ്ധതിയില്‍ അംഗമാകാന്‍ സന്നദ്ധ പ്രകടിപ്പിച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള പ്രത്യേക പദ്ധതികളും വിദ്യാഭ്യാസ മേഖലയില്‍ ഇക്കാലയളവില്‍ ഇന്ത്യയ്ക്ക് കരുത്തായിട്ടുണ്ട്.