കൊച്ചി: മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്റെ കുടുംബവീട്ടില്‍ നാളെ റവന്യൂ വിഭാഗം സര്‍വേ നടത്തും. കോതമംഗലം കടവൂര്‍ വില്ലേജിലെ ഭൂമിയാണ് അളന്ന് പരിശോധിക്കുന്നത്. നാളെ രാവിലെ 11നാണ് റീസര്‍വേ നിശ്ചയിച്ചിരിക്കുന്നത്. വിജിലന്‍സ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് സര്‍വേക്ക് നോട്ടീസ് നല്‍കിയതെന്നാണ് റവന്യൂ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. ഇവിടെ നിലം മണ്ണിട്ട് നികത്തുന്നതിനെച്ചൊല്ലി നേരത്തെ തര്‍ക്കം ഉണ്ടായിരുന്നു. സര്‍വേയ്ക്ക് ആവശ്യമായ സൗകര്യം ചെയ്തുകൊടുക്കണം എന്നാവശ്യപ്പെട്ട് താലൂക്ക് സര്‍വേയര്‍ മാത്യു കുഴല്‍നാടന്‍ എം എല്‍ എയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
മാത്യു കുഴല്‍നാടന്റെ ചിന്നക്കനാലിലെ റിസോര്‍ട്ട് രാഷ്ട്രീയ വിഷയമായി സിപിഎം ഉയര്‍ത്തിക്കൊണ്ട് വരുന്നതിനിടെയാണ് മാത്യു കുഴല്‍നാടനെതിരെ റവന്യൂ അന്വേഷണം വരുന്നത്. കോതമംഗലത്തെ വീട്ടിലേക്ക് മണ്ണിട്ട് നികത്തി റോഡ് നിര്‍മ്മിച്ചിരുന്നു. ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് പരിശോധന നടത്തുന്നത്.