തൃശ്ശൂര്‍: തമിഴ് സൂപ്പര്‍താരം സൂര്യയുടെ സിങ്കം ത്രീ ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് ആരാധകരുടെ സംഘം.
സോപാനം ഫിലിംസിനൊപ്പം ചേര്‍ന്നാണ് സിങ്കം ഗ്രൂപ്പ് തൃശൂര്‍ എന്ന ആരാധക സംഘം എസ് ത്രീ കേരളത്തിലെത്തിക്കുന്നത്. മലബാര്‍ വിതരണാവകാശം പൂര്‍ണമായും സിങ്കം ഗ്രൂപ്പിനാണ്.
തമിഴ് സൂപ്പര്‍താരം തല അജിത്ത് ചിത്രത്തിന് കേരളത്തില്‍ ലഭിക്കുന്ന വിതരണാവകാശ തുകയെ പിന്നിലാക്കിയാണ് ഹരി സംവിധാനം ചെയ്ത എസ് ത്രീ കേരളത്തിലെത്തുന്നത്. 4 കോടി 75 ലക്ഷം രൂപയ്ക്കാണ് കേരളത്തിലെ വിതരണാവകാശം ആരാധക സംഘം സ്വന്തമാക്കിയത്. രണ്ടരക്കോടി മുതല്‍ 3 കോടി വരെയാണ് അജിത്ത് ചിത്രത്തിന് കേരളാ വിതരണാവകാശ തുകയായി കിട്ടാറുള്ളത്.
എസ് ത്രീയുടെ നിര്‍മ്മാതാക്കളായ സ്റ്റുഡിയോ ഗ്രീന്‍ ആണ് ദക്ഷിണേന്ത്യയില്‍ ആദ്യമായി ഒരു സിനിമയുടെ വിതരണാവകാശം ആരാധക സംഘം സ്വന്തമാക്കിയെന്ന് അറിയിച്ചത്. ആരാധകര്‍ക്ക് ടീ ഷര്‍ട്ടും ഫ്‌ളെക്‌സുകളും സമ്മാനിച്ച് മലയാളത്തിലെ ഏറ്റവും വലിയ ഇതരഭാഷാ റിലീസായി എസ് ത്രീ മാറ്റാണ് ആലോചിക്കുന്നതെന്ന് സിങ്കം ഗ്രൂപ്പ് തൃശൂര്‍ പറയുന്നു.
ദൊരൈസിങ്കം ഐപിഎസ് എന്ന കഥാപാത്രമായി സൂര്യ മൂന്നാം തവണ എത്തുന്ന സിനിമ ഡിസംബറില്‍ തിയറ്ററുകളിലെത്തും. അനുഷ്‌കാ ഷെട്ടിയും ശ്രുതി ഹാസനുമാണ് നായികമാര്‍.