സൂര്യകുമാര്‍-കോലി വെടിക്കെട്ട്; ഇന്ത്യക്ക് പരമ്പര

അർധ സെഞ്ച്വറിയുമായി സൂര്യകുമാര്‍ യാദവും വിരാട് കോ‍ഹ്ലിയും തകര്‍ത്തടിച്ചപ്പോള്‍ ആസ്ത്രേലിയക്കെതിരായ അവസാനത്തേതും നിര്‍ണായകവുമായ ടി20 പോരാട്ടത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഓസീസ് ഉയര്‍ത്തിയ 188 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി.

തുടക്കത്തില്‍ തകര്‍ത്തടിച്ച ആസ്ത്രേലിയക്ക് അതേ നാണയത്തിലാണ് ഇന്ത്യ മറുപടി നല്‍കിയത്. 30 റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരെ നഷ്ടമായ ഇന്ത്യയെ മൂന്നാം വിക്കറ്റില്‍ ഒരുമിച്ച സൂര്യകുമാറും കോഹ്ലിയും ചേര്‍ന്ന് വിജയ തീരമണക്കുകയായിരുന്നു. സൂര്യ കുമാര്‍ 36 പന്തില്‍ നിന്ന് അഞ്ച് സിക്സുകളുടേയും അഞ്ച് ഫോറുകളുടേയും അകമ്പടിയില്‍ 69 റണ്‍സെടുത്തപ്പോള്‍ കോഹ്ലി 48 പന്തില്‍ നാല് സിക്സുകളുടേയും മൂന്ന് ഫോറുകളുടേയും അകമ്പടിയില്‍ 63 റണ്‍സെടുത്തു. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.

നേരത്തേ അർധ സെഞ്ച്വറികളുമായി ഓപ്പണർ കാമറൂൺ ഗ്രീനും ടിം ഡേവിഡും നടത്തിയ മിന്നും പ്രകടനമാണ് ആസ്‌ത്രേലിയക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. ഗ്രീൻ വെറും 21 പന്തിൽ നിന്ന് മൂന്ന് സിക്‌സുകളുടേയും ഏഴ് ഫോറുകളുടേയും അകമ്പടിയിൽ 52 റൺസെടുത്തു. അവസാന ഓവറുകളിൽ തകർത്തടിച്ച മാത്യു വെയ്ഡ് 27 പന്തിൽ നിന്ന് നാല് സിക്‌സുകളുടേയും രണ്ട് സിക്‌സുകളുടേയും അകമ്പടിയിൽ 54 റൺസെടുത്തു.

Top