സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂർണമെന്റിൽ മുംബൈ ടീമിനെ നയിക്കാൻ സൂര്യകുമാർ യാദവ്. ഓപ്പണർ യശസ്വി ജയ്സ്വാൾ, ശിവം ദുബേ എന്നിവരും ടീമിൽ ഉണ്ടാകും. എന്നാൽ പരിശീലന മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ കഴിയാതിരുന്നതിനാൽ സച്ചിൻ തെണ്ടുൽക്കറുടെ മകൻ അർജുൻ തെണ്ടുൽക്കർക്ക് മുംബൈ ടീമിൽ ഇടം നേടാനായില്ല. മുൻപ് ആഭ്യന്തര മത്സരങ്ങളിലും മുംബൈയെ നയിച്ച താരമാണ് സൂര്യകുമാർ യാദവ്. അർജുനൊപ്പം ശ്രേയാസ് അയ്യരും ശർദ്ദുൽ താക്കൂറും ടീമിനു പുറത്താണ്. പരിക്ക് പറ്റിയതിനാലാണ് ശ്രേയാസ് ടീമിന് പുറത്തായത്. ഓസീസ് പര്യടനത്തിൽ ആയതിനാൽ താക്കൂറും ടീമിൽ ഉൾപ്പെട്ടില്ല.
മൂന്ന് മത്സരങ്ങളിൽ നിന്നായി 240 റൺസ് അടിച്ചുകൂട്ടിയ സൂര്യകുമാർ യാദവാണ് റൺ വേട്ടക്കാരിൽ ഒന്നാമത്. ആദ്യ മത്സരത്തിൽ 31 പന്തിൽ 59 റൺസും, രണ്ടാം മത്സരത്തിൽ 47 പന്തിൽ 120 റൺസും, മൂന്നാം മത്സരത്തിൽ 31 പന്തിൽ 61 റൺസുമാണ് സൂര്യകുമാർ അടിച്ചത്. വെറും 109 പന്തുകളിൽ നിന്ന് 22 ബൗണ്ടറികളും 16 സിക്സറുകളുമടക്കം 220.18 പ്രഹരശേഷിയിൽ 240 റൺസ് ആണ് അദ്ദേഹത്തിൻ്റെ സമ്പാദ്യം. ഐപിഎലിൽ നിരാശപ്പെടുത്തിയ യശസ്വി ജയ്സ്വാളും മികച്ച പ്രകടനം കാഴ്ച വെച്ചു. മൂന്ന് മത്സരങ്ങളിൽ നിന്ന് 164 റൺസാണ് താരം നേടിയത്. 114 റൺസ് നേടിയ ശിവം ദുബേ റൺ വേട്ടക്കാരിൽ മൂന്നാം സ്ഥാനത്താണ്.