ആര്‍ എസ് എസ് പരിപാടിയില്‍ മുഖ്യാതിഥി ; പ്രണബ് മുഖര്‍ജിയെ പിന്തുണച്ച് സുശീല്‍ കുമാര്‍ ഷിന്‍ഡെ

shinde

ന്യൂഡല്‍ഹി:മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് സുശീല്‍ കുമാര്‍ ഷിന്‍ഡെ രംഗത്ത്. നാഗ്പൂരില്‍ ആര്‍ എസ് എസ് ആസ്ഥാനത്ത് നടക്കുന്ന പരിപാടിയില്‍ മുഖ്യ അതിഥിയായി പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ച മുന്‍ രാഷ്ട്രപതി ആര്‍.എസ്.എസ് ക്ഷണം സ്വീകരിച്ചതില്‍ തെറ്റില്ലെന്ന് ഷിന്‍ഡെ പറഞ്ഞു.

പ്രണബ് മുഖര്‍ജി ഒരു മതേതര വ്യക്തിയാണ്. എല്ലായ്‌പ്പോഴും മതേതര കാഴ്ചപ്പാട് മുന്നോട്ടു വെക്കുന്ന അദ്ദേഹം അതു തന്നെ ആര്‍.എസ്.എസ് പരിപാടിയിലും അവതരിപ്പിക്കും. മികച്ച ചിന്തകനായ അദ്ദേഹം അവിടെ പോവുകയും ആ വേദിയില്‍ സംസാരിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണെന്നും ഷിന്‍ഡെ പറഞ്ഞു.

ജൂണ്‍ ഏഴിന് നടക്കുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ പരിശീലന പരിപാടിയുടെ സമാപനയോഗത്തില്‍ മുഖ്യാതിഥിയായാണ് പ്രണബ് മുഖര്‍ജിയെ ക്ഷണിച്ചിരിക്കുന്നത്. ആര്‍.എസ്.എസ് ക്ഷണം സ്വീകരിച്ച പ്രണബ് മുഖര്‍ജിയുടെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസില്‍ അസ്വാരസ്യങ്ങള്‍ പുകയുകയാണ്. പങ്കെടുക്കുന്ന കാര്യം പുനഃപരിശോധിക്കണമെന്ന് പലരും അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. നാഗ്പൂരില്‍ ഒരു പരിപാടിക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഷിന്‍ഡെ.

അതേസമയം, വിവാദങ്ങള്‍ക്ക് മറുപടി എന്താണോ പറയേണ്ടത് അത് നാഗ്പൂരില്‍ ചെന്ന് പറയുമെന്ന് പ്രണബ് മുഖര്‍ജി അറിയിച്ചിരുന്നു.

Top