അഹമ്മാദാബാദ്: ഇറാനില്‍ തടവില്‍ കഴിയുന്ന ഇന്ത്യന്‍ ബോട്ട് തൊഴിലാളികളെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ കേന്ദ്ര വിദേശ കാര്യ മന്ത്രാലയം ആവശ്യമായ നടപടികള്‍ എടുക്കുന്നില്ലെന്ന പരാതിയുമായി കുടുംബാംഗങ്ങള്‍.
ഗുജറാത്തി സ്വദേശികളായ മൂന്ന് കുടുംബാംഗങ്ങളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്റര്‍ ഇടപെടലുകളിലൂടെ പ്രശ്‌ന പരിഹാരം നടത്തി താരമായ കേന്ദ്രമന്ത്രി സുഷമ സ്വരാജിനെ ട്വിറ്റര്‍ വഴിയും ഇമെയില്‍ വഴിയും സഹായം അഭ്യര്‍ത്ഥിച്ച് ബന്ധപ്പെട്ടെങ്കിലും മറുപടി ഉണ്ടായില്ലെന്ന് കുടുബാംഗങ്ങള്‍ പരാതിപ്പെടുന്നു.
ഗുജറാത്ത് സ്വദേശിയായ ഉമര്‍ തയിമിന്റെ ഉടമസ്ഥതയിലുള്ള അല്‍ ഷെന ബോട്ടിലെ തൊഴിലാളികളെ 2014 ഓഗസ്റ്റിലാണ് ഇറാനിയന്‍ അധികൃതര്‍ അറസ്റ്റ് ചെയ്തത്.
ദുബായില്‍ നിന്നും കയറ്റിയ ചരക്കുമായി യെമനിലെ ഏദന്‍ തുറമുഖത്തേക്ക് പുറപ്പെട്ട ബോട്ട് ആയിരുന്നു അല്‍ ഷെന. കാലാവസ്ഥ ദുഷ്‌കരമായതിനാല്‍ യാത്ര മധ്യേ കപ്പല്‍ ഇറാനിയന്‍ തുറമുഖമായ ജാസ്‌കിലേക്ക് അടുപ്പിച്ചു.
കാലാവസ്ഥ അനുകൂലമായതിനെ തുടര്‍ന്ന് തിരികെ യാത്ര പുനരാരംഭിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇറാനിയന്‍ അധികൃതര്‍ ഉമറിനേയും ബോട്ടിലെ തൊഴിലാളികളേയും അറസ്റ്റ് ചെയ്തു. ബോട്ടും പിടിച്ചെടുത്തു.
ഇറാന്റെ സമുദ്രാതിര്‍ത്തിയില്‍ വെച്ചാണോ അറസ്റ്റ് ഉണ്ടായതെന്നും പിടിയിലാവര്‍ക്കെതിരെ എന്ത് കുറ്റമാണ് ചുമത്തിയതെന്നും വ്യക്തമല്ല.
ഒരു മാസം പിന്നിടും മുമ്പെ ഇറാനിയന്‍ അധികൃതര്‍ ബോട്ട് വിട്ടുകൊടുത്തു. 12ല്‍ ഒമ്പത് പേരെ മോചിപ്പിക്കുകയും ചെയ്തു. എന്നാല്‍ ബോട്ടുടമ ഉമര്‍, ഇബ്രാഹിം സാപ്(25), സാജിദ് സുമറാ(23) എന്നിവരെ രണ്ട് വര്‍ഷമായും വിട്ടയച്ചിട്ടില്ല. 9 പേരെ വിട്ടയച്ച് മൂന്ന് പേരെ മാത്രം എന്തിന് തടവിലിട്ടു എന്നത് അറിയില്ലെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.