മുംബൈ: സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും നടന്‍ ജീവനൊടുക്കാനുണ്ടായ കാരണം കണ്ടെത്താനാകാതെ അന്വേഷണ സംഘം. 16 പേരെ ഇതുവരെ ചോദ്യം ചെയ്ത പൊലീസിന് മരണകാരണം സംബന്ധിച്ച കൃത്യമായ സൂചനകള്‍ ലഭിച്ചിട്ടില്ലെന്നാണ് പുറത്തു വരുന്ന വിവരം. മൊഴികള്‍ ചേര്‍ത്തുവച്ചു പരിശോധിച്ചുവരികയാണ്. അതോടൊപ്പം, ഫൊറന്‍സിക് റിപ്പോര്‍ട്ടിനായും കാത്തിരിക്കുന്നു.
ലാപ്‌ടോപ്പും മൊബൈല്‍ ഫോണും ഫൊറന്‍സിക് സംഘം പരിശോധിച്ചുവരികയാണ്. ഫോണ്‍വിളികളുടെ വിശദാംശങ്ങള്‍ കേസില്‍ തുമ്പുണ്ടാക്കാന്‍ സഹായിച്ചേക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. ഫ്‌ളാറ്റിലെയും മുറിയിലെയും വിരലടയാളങ്ങള്‍ അടക്കമുള്ള തെളിവുകള്‍ ശേഖരിച്ച ഫൊറന്‍സിക് സംഘത്തോട് 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആഭ്യന്തരവകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്.
അതിനിടെ, സുശാന്ത് സിങ് രാജ്പുത്തിനൊപ്പം താമസിച്ചിരുന്ന നടി റിയ ചക്രവര്‍ത്തിക്കെതിരെ ആത്മഹത്യപ്രേരണക്കുറ്റം ആരോപിച്ച് ബിഹാറിലെ മുസഫര്‍പുരില്‍ ഒരാള്‍ പരാതി നല്‍കി.പടാഹി സ്വദേശിയായ കുന്തന്‍ കുമാര്‍ എന്നയാളാണ് ചീഫ് ജുഡീഷ്യല്‍ മജസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്.
അതേസമയം, ജീവനൊടുക്കിയ ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ കുടുബത്തിനു പിന്തുണ നല്‍കാന്‍ സല്‍മാന്‍ ഖാന്‍ ആരാധകരോട് അഭ്യര്‍ത്ഥിച്ചു. ബോളിവുഡിലെ ഉന്നതരുടെ ലോബിയാണ് സുശാന്തിന് ആത്മഹത്യയിലേക്കു നയിച്ചതെന്ന ആരോപണവുമായി ബിഹാറില്‍ സല്‍മാന്‍ ഖാന്‍ അടക്കമുള്ളവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് അഭിഭാഷകന്‍ പരാതി നല്‍കിയിരിക്കുന്ന വേളയിലാണ് സല്‍മാന്‍ ഖാന്റെ ഈ ആഹ്വാനം.
സുധീപ് കുമാര്‍ ഓജയെന്ന അഭിഭാഷകനാണ് സല്‍മാനു പുറമെ കരണ്‍ ജോഹര്‍, എക്ത, സഞ്ജയ് ലീല ബന്‍സാരി, ആദിത്യ ചോപ്ര എന്നിവരടക്കം മുന്‍നിര ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.