ന്യൂഡല്‍ഹി: സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പിതാവിന്റെ പരാതിയില്‍ സുശാന്തിന്റെ മുന്‍ കാമുകിക്കെതിരെ ബിഹാര്‍ പൊലീസ് കേസെടുത്തു. നടി റിയ ചക്രവര്‍ത്തിക്കും മാതാപിതാക്കള്‍ക്കുമെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയാണ് കേസ്.
സുശാന്തിന്റെ പിതാവ് കെ.കെ. സിങ് നല്‍കിയ പരാതിയില്‍ പട്‌നയിലെ രാജീവ് നഗര്‍ പൊലീസ് സ്റ്റേഷനിലാണ് റിയ ചക്രവര്‍ത്തിയുള്‍പ്പടെ ആറു പേര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. റിയയുടെ അച്ഛന്‍, അമ്മ, സഹോദരന്‍ സുശാന്തിന്റെ മുന്‍ മാനേജര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
ആത്മഹത്യ പ്രേരണ, വഞ്ചന, ഭീഷണിപ്പെടുത്തി പണം തട്ടല്‍ എന്നീ വകുപ്പുകള്‍ ചുമത്തി. സുശാന്തും റിയയും തമ്മില്‍ വന്‍സാമ്പത്തിക ഇടപാടുകള്‍ നടന്നായും സംശയങ്ങള്‍ നിലനില്‍ക്കുന്നതായും പിതാവിന്റെ പരാതിയില്‍ പറയുന്നു. നടന്റെ ബാങ്ക് സ്റ്റേറ്റുമെന്റുകള്‍ ഉള്‍പ്പടെ ബിഹാര്‍ പൊലീസ് ശേഖരിച്ചതായാണ് വിവരം.
സുശാന്തിന്റെ ആത്മഹത്യയ്ക്ക് കാരണം ബോളിവുഡിലെ കിട മല്‍സരമാണെന്ന ആക്ഷേപങ്ങളില്‍ മുംബൈ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ബിഹാര്‍ പൊലീസ് കേസെടുത്തത്.