സുശാന്തിന്റെ ചി​ത്ര​ങ്ങ​ള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

മുംബൈ: ബാന്ദ്രയിലെ വസതിയില്‍ മരിച്ചനിലയില്‍ കാണപ്പെട്ട നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര സൈബര്‍ പൊലീസ്.

ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് നടനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് സുശാന്ത് കട്ടിലില്‍ മരിച്ചു കിടക്കുന്നതിന്റെ ഉള്‍പ്പെടെയുള്ള ചില ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസിന്റെ ഇടപെടല്‍.

‘അന്തരിച്ച നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ ചില ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്നതു മഹാരാഷ്ട്ര സൈബര്‍ പൊലീസിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇവ തീര്‍ത്തും അസ്വസ്ഥമാക്കുന്നതും മോശം പ്രവണതയുമാണ്. ഇത്തരം ചിത്രങ്ങളുടെ പ്രചരപ്പിക്കുന്നത് നിയമത്തിനും കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ക്കും വിരുദ്ധമാണ്. ഇതു ശിക്ഷാര്‍ഹമായ കുറ്റമാണ്. അതുകൊണ്ടു തന്നെ ഈ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാന്‍ മഹാരാഷ്ട്ര സൈബര്‍ പൊലീസ് ആവശ്യപ്പെടുന്നു. ഇതിനകം പ്രചരിച്ച ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യണം.’ മഹാരാഷ്ട്ര സൈബര്‍ പൊലീസ് ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ അറിയിച്ചു.

അതേസമയം, നടിയും രാഷ്ട്രീയ നേതാവുമായി ഊര്‍മിള മതോംഡ്കറും ചിത്രങ്ങള്‍ പ്രചരിക്കുന്നതിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. ‘നിരുത്തരവാദപരവും നിര്‍വികാരവുമായി ഇത്തരം പ്രവര്‍ത്തികള്‍ അസ്വസ്ഥതയുളവാക്കുന്നതും നിരാശാജനകവുമാണ്. ഗുരുതരമായ ഇത്തരം മാനസിക പ്രശ്‌നങ്ങള്‍ സെന്‍സേഷനലൈസ് ചെയ്യരുത്. മരണത്തിനു കുറച്ചു മാന്യത നല്‍കാം.’ ഊര്‍മിള പറഞ്ഞു.

അതേസമയം, സുശാന്തിന്റെ മരണം കൊലപാതകമാണെന്നു ബന്ധുക്കള്‍ ആരോപിച്ചു. ‘ഇത് കൊലപാതകമാണ്. അതിനാല്‍ തന്നെ സിബിഐ അന്വേഷണം വേണം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇടപെട്ട് സിബിഐ അന്വേഷണം നടത്തണം.’ സുശാന്തിന്റെ മാതൃസഹോദരന്‍ മാധ്യമത്തോട് പറഞ്ഞു.

Top