മുംബൈ: അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട് എന്‍.സി.ബി (നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ) തേടുന്ന സഹ സംവിധായകൻ ഋഷികേശ് പവാര്‍ ഒളിവിൽ. സുശാന്തിന് മയക്കുമരുന്ന് എത്തിച്ച് നൽകിയിരുന്നത് ഇയാളെന്നാണ് നിഗമനം. ഇയാളെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് എന്‍.സി.ബി. സെപ്റ്റംബറിൽ കേസുമായി ബന്ധപ്പെട്ട് ഇയാളെ എന്‍.സി.ബി ചോദ്യം ചെയ്തിരുന്നു. ദീപേഷ് സാവന്ത് എന്ന മയക്കുമരുന്ന് വിതരണക്കാരനെ ചോദ്യം ചെയ്ത ശേഷമാണ് ഋഷികേശും സുശാന്തും തമ്മിലുള്ള ബന്ധം എൻസിബിക്ക് മനസ്സിലായത്. അടുത്തിടെ അറസ്റ്റ് ഭയന്ന് ബോംബെ ഹൈക്കോടതിയില്‍ ഋഷികേശ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ സെഷന്‍സ് കോടതിയെ സമീപിക്കാനായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
ഇത് പ്രകാരം സെഷന്‍സ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും ഇത് തള്ളുകയായിരുന്നു. തുടര്‍ന്ന് ഋഷികേശിനെ തേടി എന്‍.സി.ബി ചെമ്പൂരിലെ വീട്ടിലെത്തിയിരുന്നെങ്കിലും കണ്ടുകിട്ടിയില്ല. വീട്ടില്‍ നിന്ന് ഋഷികേശിന്‍റെ ലാപ്പ്‌ടോപ്പ് എന്‍.സി.ബി പിടിച്ചെടുത്തെന്നും അതിൽ നിന്ന് ചില സുപ്രധാന വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും എന്‍.സി.ബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കടേ മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. സുശാന്ത് ഒടുവിൽ അഭിനയിച്ച ഏതാനും സിനിമകളിലെ സഹ സംവിധായകനായിരുന്നു ഋഷികേശ്. സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് റിയ ചക്രബര്‍ത്തി, സഹോദരന്‍ ഷൊവിക് ചക്രബര്‍ത്തി എന്നിവരെ എൻസിബി അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഇവരെ പിന്നീട് ഉപാധികളോടെ ജാമ്യത്തിൽ വിടുകയായിരുന്നു.