അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് അവസാനമായി അഭിനയിച്ച ചിത്രം ദില്‍ ബേചാരാ ഓണ്‍ലൈന്‍ റിലീസിനെത്തുന്നു. ജൂലൈ 24ന് ഡിസ്‌നി ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസിനെത്തുന്നത്.
സുശാന്തിനോടുള്ള സ്‌നേഹത്തിന്റെയും ആദരവിന്റെയും സൂചനയായി സബ്‌സ്‌ക്രൈബ് ചെയ്തവര്‍ക്കും അല്ലാത്തവര്‍ക്കും സൗജന്യമായി ചിത്രം കാണാനുള്ള അവസരമാണ് അണിയറപ്രവര്‍ത്തകര്‍ ഒരുക്കുന്നത്.
നവാഗതനായ മുകേഷ് ഛബ്ര സംവിധാനം ചെയ്ത ചിത്രത്തില്‍ സുശാന്തിനെ കൂടാതെ സെയ്ഫ് അലി ഖാന്‍, സഞ്ജന സാങ്കി എന്നിവരും പ്രധാന വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.
എ.ആര്‍ റഹ്മാനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ് നിര്‍മ്മിച്ച ചിത്രം മെയ് 8നാണ് റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് മാറ്റി വെയ്ക്കുകയായിരുന്നു. സുശാന്തിന്റെ ആകസ്മിക വിയോഗത്തെ തുടര്‍ന്നാണ് ഓണ്‍ലൈനില്‍ റിലീസ് ചെയ്യാന്‍ നിര്‍മാതാക്കള്‍ തീരുമാനിക്കുന്നത്.
ജോണ്‍ ഗ്രീന്‍ എഴുതിയ ഫോള്‍ട്ട് ഇന്‍ ഔര്‍ സ്റ്റാര്‍സ് എന്ന നോവലില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കിയിരിക്കുന്ന ചിത്രം പ്രണയത്തിന്റെയും വിരഹത്തിന്റെയും കഥയാണ് പറയുന്നത്..