അന്തരിച്ച നടന്‍ സുശാന്ത് സിങ് രാജ്പുത് അവസാനമായി അഭിനയിച്ച ചിത്രം ദില്‍ ബേചാരാ റിലീസിനെത്തുന്നു. ജൂലൈ 24ന് ഡിസ്‌നി ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. അതേസമയം, അദ്ദേഹത്തോടുള്ള സ്‌നേഹത്തിന്റെയും ആദരവിന്റെയും സൂചനയായി സബ്‌സ്‌ക്രൈബ് ചെയ്തവര്‍ക്കും അല്ലാത്തവര്‍ക്കും സൗജന്യമായി ഈ ചിത്രം കാണാന്‍ അവസരമുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രണയത്തിന്റെയും വിരഹത്തിന്റെയും കഥ പറയുന്ന ചിത്രം ജോണ്‍ ഗ്രീന്‍ എഴുതിയ ഫോള്‍ട്ട് ഇന്‍ ഔര്‍ സ്റ്റാര്‍സ് എന്ന നോവലില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടു ഒരുക്കിയിരിക്കുന്നതാണ്. ഇതേ പേരില്‍ 2014ല്‍ ഹോളിവുഡിലും ഇതേ കഥ സിനിമയായി ഇറങ്ങിയിട്ടുണ്ട്. ദില്‍ ബേചാരയില്‍ സുശാന്തിനൊപ്പം സെയ്ഫ് അലി ഖാനും അഭിനയിക്കുന്നുണ്ട്. മുകേഷ് ഛബ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് സാക്ഷാല്‍ എ.ആര്‍ റഹ്മാനാണ്. പുതുമുഖമായ സഞ്ജനയാണ് നായിക.
ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രം മെയ് മാസത്തില്‍ റിലീസ് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് മാറ്റി വച്ച സിനിമ സുശാന്തിന്റെ വിയോഗത്തെ തുടര്‍ന്നാണ് ഓണ്‍ലൈനില്‍ റിലീസ് ചെയ്യാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചത്. മലയാളത്തില്‍ കാളിദാസ് ജയറാമിനെ നായകനാക്കി ബാക്ക് പാക്കേഴ്‌സ് എന്ന പേരില്‍ ജയരാജും ഇതേ കഥ സിനിമയാക്കുന്നുണ്ട്. ചിത്രീകരണം അവസാനിച്ച ആ സിനിമയും റിലീസിന് തയാറെടുക്കുകയാണ്.