ന്യൂഡല്‍ഹി: അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയെടുക്കുന്ന സിനിമകള്‍ക്കെതിരെ പിതാവ് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യത്യസ്ത കഥകള്‍ ഉണ്ടാക്കി ചിലര്‍ പ്രശസ്തിയും അവസരങ്ങളും ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും സല്‍പ്പേരിനെ ഇത് ബാധിക്കുമെന്നും കെ.കെ. സിംഗ് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ സുശാന്തിന്റെ പേര്, കാരിക്കേച്ചറുകള്‍, ചിത്രങ്ങള്‍, ജീവിതരീതി, ജീവിതത്തിലെ സംഭവ വികാസങ്ങള്‍ തുടങ്ങിയവ സിനിമകള്‍ക്കോ ഹ്രസ്വചിത്രങ്ങള്‍ക്കോ ഉപയോഗിക്കാമെന്ന് നിര്‍ദ്ദേശിച്ചാണ് സിംഗിള്‍ ബെഞ്ച് ജസ്റ്റിസ് സഞ്ജീവ് നരുല ഹര്‍ജി തള്ളിയത്. ഒപ്പം സുശാന്തിനെ ആധാരമാക്കി സിനിമ നിര്‍മ്മിക്കുന്നവരോട് ലാഭം, റോയല്‍റ്റി, ലൈസന്‍സ് തുടങ്ങിയവ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ജോയിന്റ് രജിസ്ട്രാറിന് കൈമാറാനും നിര്‍ദ്ദേശിച്ചു. സുശാന്തിന്റെ ജീവിതകഥ ആസ്പദമാക്കി നിരവധി സിനിമകളാണ് പ്രഖ്യാപിച്ചിരുന്നത്.