പട്ന: ബിഹാറില്‍ ഭരണം പിടിക്കാന്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് എന്‍ഡിഎ എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ശ്രമിക്കുന്നുവെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി. ട്വിറ്ററിലൂടെയാണ് മുന്‍ ഉപമുഖ്യമന്ത്രിയായ സുശീല്‍ കുമാര്‍ മോദി ആരോപണം ഉന്നയിച്ചിരിക്കുന്നത്.
കാലിത്തീറ്റ കുംഭകോണ കേസില്‍ ജയിലിലായിട്ടും ലാലു പുറംലോകവുമായി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ലാലു എംഎല്‍എമാരെ വിളിച്ചതിന്റെ ഓഡിയോ ടേപ്പും വിളിച്ചെന്ന് പറയുന്ന മൊബൈല്‍ നമ്പറും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചു. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ മഹാസഖ്യം സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ട് ചെയ്യാനാണ് ലാലു എന്‍ഡിഎ എംഎല്‍എമാരോട് ആവശ്യപ്പെട്ടതെന്നും സുശീല്‍ മോദി പറഞ്ഞു.
തടവില്‍ കഴിയുകയായിരുന്ന ലാലുവിനെ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ റാഞ്ചിയിലെ റിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി അദ്ദേഹം ഇവിടെയാണ്. ‘ലാലു പ്രസാദ് യാദവ് റാഞ്ചിയില്‍ നിന്ന് എന്‍ഡിഎ എംഎല്‍എമാരെ വിളിക്കുകയും മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു’, മാധ്യമങ്ങളെ ടാഗുചെയ്ത് സുശീല്‍ കുമാര്‍ മോദി ട്വീറ്റ് ചെയ്തു.
താനാ നമ്പറിലേക്ക് വിളിച്ചപ്പോള്‍ ലാലുവാണ് ഫോണെടുത്തതെന്നും, ജയിലിലിരുന്നുകൊണ്ട് ഈ വൃത്തിക്കെട്ട കളി കളിക്കരുതെന്ന് താനദ്ദേഹത്തോട് പറഞ്ഞതായും സുശീല്‍ മോദി വ്യക്തമാക്കി. നിങ്ങളീ തന്ത്രത്തില്‍ വിജയിക്കില്ലെന്നും താന്‍ പറഞ്ഞതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.