വിവിധ രാഷ്ട്രത്തലവന്മാരുമായി ചര്‍ച്ചകള്‍ സജീവമാക്കി സുഷമാ സ്വരാജ് ന്യൂയോര്‍ക്കില്‍

sushama

ന്യൂയോര്‍ക്ക്: വിവിധ രാജ്യങ്ങളുമായി നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിന് രാഷ്ട്രത്തലവന്മാരുമായി ചര്‍ച്ചകള്‍ നടത്തി സുഷമാ സ്വരാജ്. ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതു സമ്മേളനത്തിനിടെയാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കൂടിക്കാഴ്ചകള്‍ നടത്തുന്നത്. വാണിജ്യം, നിക്ഷേപം, പല മേഖലകളിലെ ക്ഷമത വര്‍ധിപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്.

മൊറോക്കോ, നേപ്പാള്‍, കൊളംബിയ, ആസ്‌ട്രേലിയ, മംഗോളിയ തുടങ്ങിയ രാജ്യങ്ങളിലെ വിദേശ മന്ത്രിമാരുമായും യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളുമായും സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു.

വിദേശകാര്യ വക്താവ് രവീഷ് കുമാറാണ് ചിത്രങ്ങളടക്കമുള്ള വിശദാംശങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചത്. വാണിജ്യം, കൃഷി, ഫാര്‍മ, ഐടി മേഖലകളിലെ ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് ചര്‍ച്ച നടത്തിയതായി ഇക്കോഡോര്‍ പ്രതിനിധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം രവീഷ് കുറിച്ചു.

പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകളുടെ വികസനം, ജലവിഭവം, ടൂറിസം, തുടങ്ങിയ മേഖലളില്‍ നിക്ഷേപ സാധ്യതകള്‍ മുന്‍ നിര്‍ത്തിയുള്ളതായിരുന്നു സ്‌പെയില്‍ പ്രതിനിധി ബോറെല്ലുമായി നടന്ന ചര്‍ച്ചയില്‍ ധാരണയായിരുന്നു.

നേപ്പാള്‍ പ്രതിനിധിയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം, അടുത്ത അയല്‍വാസി എന്ന തലക്കെട്ടോട് കൂടിയാണ് ഇന്ത്യന്‍ വിദേശകാര്യ വക്താവ് ട്വിറ്ററില്‍ കുറിച്ചത്.

ലിച്ചന്‍സ്റ്റീനുമായുള്ള കൂടിക്കാഴ്ച ഇരു രാഷ്ട്രങ്ങളുടെയും 25 വര്‍ഷത്തെ നയതന്ത്ര ബന്ധത്തിന്റെ വാര്‍ഷികമായിട്ടാണ് ഇന്ത്യ കാണുന്നത്. വാണിജ്യം, ടൂറിസം മേഖലകളില്‍ പരസ്പര സഹകരണം സംബന്ധിച്ചാണ് ഇരു രാജ്യങ്ങളും ചര്‍ച്ച നടത്തിയത്.

ആഗോളതലത്തില്‍ വിവിധ വിഷയങ്ങളില്‍ കൈകോര്‍ക്കുന്നതിനെക്കുറിച്ചാണ് യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളുമായുണ്ടായ ചര്‍ച്ചയുടെ പ്രധാനപ്പെട്ട അജണ്ട. സ്വാതന്ത്രം, നിയമങ്ങള്‍, ജനാധിപത്യ മൂല്യങ്ങള്‍ തുടങ്ങിയവ ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണെന്നും ഇതിന് വിവിധ രാജ്യങ്ങളുടെ പരസ്പര സഹകരണം മെച്ചപ്പെടുത്തണം എന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നു.

ഇബിന്‍ ബത്തൂത്ത കാലഘട്ടം മുതലുള്ള നയതന്ത്ര ബന്ധം എന്നാണ് മൊറോക്കന്‍ വിദേശകാര്യ മന്ത്രിയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ത്യന്‍ പ്രതിനിധി കുറിച്ചത്. പ്രതിരോധം,സൈബര്‍ സുരക്ഷ, സാംസ്‌ക്കാരികം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ഇരുവരും ധാരണയിലെത്തി.

ഇറാഖ് പ്രതിനിധിയുമായി ഇന്ന് സുഷമ സ്വരാജ് കൂടിക്കാഴ് നടത്തും. ജി4 ഉച്ചകോടിയിലും മന്ത്രി പങ്കെടുക്കും. ബ്രസീല്‍, ജര്‍മ്മനി, ജപ്പാന്‍ പ്രതിനിധികളും ഈ ചര്‍ച്ചകളില്‍ ഉണ്ടാകും.

വിദേശ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള വേദി കൂടിയാണ് ഐക്യരാഷ്ട്ര സഭയുടെ സമ്മേളനം. അതിനെ വേണ്ട വിധത്തില്‍ ഉപയോഗിക്കാന്‍ ഇന്ത്യന്‍ പ്രതിനിധികള്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നാണ് നിരീക്ഷകരുടെയും വിലയിരുത്തല്‍.

Top