ന്യൂഡല്‍ഹി: മൊസൂളില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരുടെ മോചനവുമായി ബന്ധപ്പെട്ട് ഇറാഖ് വിദേശകാര്യമന്ത്രി ഇബ്രാഹിം അല്‍ ജാഫരിയുമായി മന്ത്രി സുഷമാ സ്വരാജ് തിങ്കളാഴ്ച ചര്‍ച്ച നടത്തും.
മൂന്ന് വര്‍ഷം മുമ്പാണ് 39 ഇന്ത്യക്കാരെ മൊസൂളില്‍ നിന്ന് ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഇവരുടെ മോചിപ്പിക്കുന്നതിനുള്ള നടപടികള്‍ക്കാണ് ഇരു രാജ്യങ്ങളുടേയും വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തുന്നത്. ഇതിനായി ഇബ്രാഹിം അല്‍ ജാഫരി തിങ്കളാഴ്ച ഇന്ത്യയിലെത്തും.
ഐഎസ് ഭീകരരെ പൂര്‍ണ്ണമായും തുരത്തി മൊസൂള്‍ പിടിച്ചെടുത്തെന്ന് രണ്ടാഴ്ച മുമ്പ് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പ്രഖ്യാപിച്ചിരുന്നു. മൊസൂള്‍ ഇറാഖ് സൈന്യം തിരിച്ചു പിടിച്ചതോടെ തടവിലാക്കപ്പെട്ട ഇന്ത്യക്കാര്‍ ഉടന്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബാംഗങ്ങള്‍.
എന്നാല്‍ ഇതുവരെ ഇവരെ കണ്ടെത്താനായിരുന്നില്ല. ഇവര്‍ ഇറാഖ് ഗ്രാമമായ ബാദുഷിയിലെ ജയിലില്‍ ഉണ്ടാകാമെന്ന് കഴിഞ്ഞ ദിവസം സുഷമ സ്വരാജ് പറഞ്ഞിരുന്നു. ഇറാഖ് സന്ദര്‍ശിച്ച വിദേശകാര്യ സഹമന്ത്രി വി.കെ.സിങിനാണ് ഇത്തരത്തിലൊരു സൂചന ലഭിച്ചത്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരും ഇറാഖി സൈന്യവും തമ്മില്‍ ഏറ്റുമുട്ടില്‍ തുടരുന്ന പ്രദേശമാണ് ബാദുഷ്.
ഇറാഖ് വിദേശകാര്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ കാണാതായ ഇന്ത്യക്കാര്‍ക്കുവേണ്ടി പരിശോധന നടത്തുന്നതടക്കുമുള്ള കാര്യങ്ങള്‍ ഉയര്‍ന്നുവരും. തിങ്കഴാഴ്ച മുതല്‍ ജൂലൈ 28 വരെയാണ് ഇബ്രാഹിം അല്‍ ജാഫരി ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നത്.
2014 ജൂണിലാണ് ഐഎസ് ഭീകരര്‍ 39 ഇന്ത്യക്കാരെ തട്ടിക്കൊണ്ട് പോയത്. തുര്‍ക്കി ഉടമസ്ഥതയില്‍ മൊസൂളില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മ്മാണ കമ്പനിയിലെ ജീവനക്കാരാണ് ഇവര്‍.