ന്യൂഡല്‍ഹി: കേരളത്തില്‍ നിന്ന് ഉള്‍പ്പെടെയുള്ള പന്ത്രണ്ട് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തതിനെതിരെ പ്രതിപക്ഷം പാര്‍ലമന്റില്‍ ഇന്ന് ശക്തമായി പ്രതിഷേധിക്കും. എളമരം കരീം, ബിനോയ് വിശ്വം ഉള്‍പ്പടെ 12 പേരെ സസ്‌പെന്‍ഡ് ചെയ്ത നടപടി ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ യോഗവും ഇന്ന് ചേരും. നടപടി ജനാധിപത്യ വിരുദ്ധമെന്ന് ഇന്നലെ 14 പാര്‍ട്ടികള്‍ പ്രസ്താവന ഇറക്കിയിരുന്നു.
വിലക്കയറ്റം, താങ്ങുവില സംരക്ഷണ നിയമം എന്നിവ ഇരുസഭകളിലും ഉന്നയിക്കാനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. ഈ സമ്മേളന കാലത്തേക്കാണ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ സഭാ സമ്മേളനത്തിലെ പ്രതിഷേധത്തിന്റെ പേരിലാണ് നടപടി. സഭയുടെ അന്തസ് ഇടിച്ചു താഴ്ത്തുന്ന രീതിയില്‍ അംഗങ്ങള്‍ പെരുമാറിയെന്ന് ഉത്തരവില്‍ പറയുന്നു.
പാര്‍ലമെന്റിനെയും ജനാധിപത്യത്തെയും ശ്വാസം മുട്ടിച്ച് കൊല്ലാനുള്ള സര്‍ക്കാര്‍ നടപടിക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്നാണ് നടപടിയോട് ബിനോയ് വിശ്വം പ്രതികരിച്ചത്. ജനവികാരത്തെ മാനിക്കാത്ത സര്‍ക്കാര്‍ കര്‍ഷകരോട് മാപ്പ് പറഞ്ഞതുപോലെ നാളെ ജനങ്ങളോട് മാപ്പ് പറയേണ്ടി വരുമെന്നും ബിനോയ് വിശ്വം പറഞ്ഞു. എളമരം കരീമിനെതിരെ രണ്ട് രാജ്യസഭ മാര്‍ഷല്‍മാരാണ് അദ്ധ്യക്ഷന് പരാതി നല്‍കിയിരുന്നത്. ബിനോയ് വിശ്വത്തിനെതിരെയും പരാമര്‍ശമുണ്ട്. എളമരം കരീം മാര്‍ഷല്‍മാരുടെ കഴുത്തിന് പിടിച്ചുവെന്നാണ് പരാതി.