നുണ അടിച്ചിറക്കരുത്; ഡിഎസ്പിക്ക് ആഭ്യന്തര മന്ത്രാലയം മെഡല്‍ നല്‍കിയിട്ടില്ല!

തീവ്രവാദികളെ സംരക്ഷിച്ചതിന് പിടിയിലായ ജമ്മു കശ്മീര്‍ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ദേവീന്ദര്‍ സിംഗിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ധൈര്യത്തിനുള്ള അവാര്‍ഡ് നല്‍കിയിട്ടുണ്ടെന്ന പ്രചരണങ്ങളില്‍ മറുപടിയുമായി ജമ്മു കശ്മീര്‍ പോലീസ്. 12 ലക്ഷം രൂപ വാങ്ങി തീവ്രവാദികളെ സഹായിക്കുന്നതിന് ഇടെയാണ് സിഎസ്പി ദേവീന്ദര്‍ സിംഗ് അറസ്റ്റിലായത്. സിംഗിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം യാതൊരു തരത്തിലുള്ള അവാര്‍ഡ് നല്‍കിയിട്ടില്ലെന്ന് ജമ്മു കശ്മീര്‍ പോലീസ് വ്യക്തമാക്കി.

‘ചില മാധ്യമങ്ങളും, വ്യക്തികളും പ്രചരിപ്പിക്കുന്നതിന് വിരുദ്ധമായി പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ദേവീന്ദര്‍ സിംഗിന് യാതൊരു വിധത്തിലുള്ള അവാര്‍ഡും ആഭ്യന്തര മന്ത്രാലയം നല്‍കിയിട്ടില്ല. ആകെ ലഭിച്ചിട്ടുള്ള മെഡല്‍ മുന്‍ ജമ്മു കശ്മീര്‍ സംസ്ഥാനമായിരിക്കുമ്പോള്‍ സ്വാതന്ത്ര്യ ദിനത്തില്‍ നല്‍കിയതാണ്’, ജമ്മു കശ്മീര്‍ പോലീസ് വ്യക്തമാക്കി. രാജ്യത്തിന് നല്‍കിയ സേവനം പരിഗണിച്ച് സസ്‌പെന്‍ഷനിലായ ഡിഎസ്പിക്ക് ആഭ്യന്തര മന്ത്രാലയം ധൈര്യത്തിനുള്ള അവാര്‍ഡ് നല്‍കിയെന്നാണ് ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

2017 ആഗസ്റ്റില്‍ പുല്‍വാമയില്‍ തീവ്രവാദികള്‍ നടത്തിയ അക്രമണത്തെ നേരിടാന്‍ അവിടെ ജില്ലാ പോലീസ് ഡിഎസ്പിയായിരുന്ന ദേവീന്ദര്‍ സിംഗും ഉണ്ടായിരുന്നുവെന്നാണ് ചില മാധ്യമങ്ങള്‍ അവതരിപ്പിച്ചത്. എന്നാല്‍ വസ്തുതയ്ക്ക് വിരുദ്ധമായി ഇത്തരം കഥകള്‍ പ്രചരിപ്പിക്കരുതെന്ന് ജമ്മു കശ്മീര്‍ പോലീസ് മാധ്യമപ്രവര്‍ത്തരോട് അഭ്യര്‍ത്ഥിച്ചു.

നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഒരാളെയും വെറുതെവിടില്ലെന്ന് പോലീസ് വാര്‍ത്താക്കുറിപ്പ് കൂട്ടിച്ചേര്‍ത്തു. ഡിഎസ്പിയെ ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മുന്‍പ് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ശൈത്യകാലത്ത് ജമ്മു കശ്മീരില്‍ തീവ്രവാദികള്‍ക്ക് സുരക്ഷിത താവളം ഒരുക്കി ഡിഎസ്പി പണം വാങ്ങിയിരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

Top