ന്യൂഡല്‍ഹി: പന്ത്രണ്ട് എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തില്‍ ഇന്നും പാര്‍ലമെന്റ് പ്രക്ഷുബ്ധമാകും. സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന ഖര്‍ഗെ, വീണ്ടും രാജ്യസഭ അദ്ധ്യക്ഷന് കത്തു നല്കി. സസ്‌പെന്‍ഷനിലായ എംപിമാര്‍ ഇന്നു മുതല്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ധര്‍ണ്ണ തുടങ്ങും. പ്രതിപക്ഷവുമായി ചര്‍ച്ചയാവാം എന്ന് ഇന്നലെ സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ മാപ്പു പറഞ്ഞുള്ള ഒത്തുതീര്‍പ്പിന് ഇല്ലെന്നാണ് പ്രതിപക്ഷ നിലപാട്
എളമരം കരീം, ബിനോയ് വിശ്വം എന്നിവര്‍ ഉള്‍പ്പടെ 12 പേരുടെ സസ്‌പെന്‍ഷനില്‍ കടുത്ത നിലപാട് തുടരുകയാണ് വെങ്കയ്യ നായിഡു. സസ്‌പെന്‍ഷന്‍ ചട്ടവിരുദ്ധമെന്ന പ്രതിപക്ഷ ആരോപണം അദ്ധ്യക്ഷന്‍ തള്ളി. കഴിഞ്ഞ സമ്മേളനത്തില്‍ തന്നെ അംഗങ്ങളുടെ പേര് ചൂണ്ടിക്കാട്ടിയതാണ്. സഭയ്ക്കുള്ള അധികാരം ഉപയോഗിച്ചാണ് സസ്‌പെന്‍ഷന്‍ എന്നും വെങ്കയ്യ നായിഡു ന്യായീകരിച്ചു. രാവിലെ 16 പാര്‍ട്ടികളുടെ നേതാക്കള്‍ യോഗം ചേര്‍ന്ന ശേഷം വെങ്കയ്യ നായിഡുവിനെ കണ്ടിരുന്നു. സസ്‌പെന്‍ഷന്‍ പിന്‍വലിക്കണം എന്ന് ആശ്യപ്പെടുമ്പോഴും ഖേദം പ്രകടിപ്പിക്കില്ല എന്ന നിലപാടില്‍ പാര്‍ട്ടികള്‍ ഉറച്ചു നില്‍ക്കുകയാണ്.
വെങ്കയ്യ നായിഡുവിന്റെ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇന്നലെ സഭയില്‍ നിന്നും ഇറങ്ങി പോയിരുന്നു. തുടര്‍ന്ന് അവര്‍ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ ധര്‍ണ്ണ നടത്തി. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ സമ്മേളനം ബഹിഷ്‌ക്കരിക്കണോ എന്ന് ആലോചനയുണ്ട്. സര്‍ക്കാരിന്റെ നിലപാട് നോക്കി ഇക്കാര്യം തീരുമാനിക്കും. മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ വിളിച്ച പ്രതിപക്ഷ കക്ഷികളുടെ യോഗത്തിന് തൃണമൂല്‍ കോണ്‍ഗ്രസ് എത്തിതിരുന്നത് ശ്രദ്ധേയമായി. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസും ഇന്നലെ സഭാ നടപടികള്‍ ബഹിഷ്‌ക്കരിച്ചിരുന്നു.