വാഷിങ്ടണ്‍: കോവിഡ് വ്യാപകമായി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഗ്രീന്‍കാര്‍ഡിനപേക്ഷിച്ചവരുടെ കുടിയേറ്റം താത്ക്കാലികമായി 60 ദിവസത്തേക്ക് നിര്‍ത്തിവെച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കക്കാരുടെ ജോലി സംരക്ഷിക്കാനാണിതെന്ന വാദം മുന്‍നിര്‍ത്തിയാണ് ഈ നീക്കം.
യുഎസിലേക്കുള്ള കുടിയേറ്റം താത്ക്കാലികമായി നിര്‍ത്തിവെക്കാനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിന്റെ ഭാഗമായി പുതിയ ഗ്രീന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത് അടുത്ത 60 ദിവസത്തേക്ക് നിര്‍ത്തിവെക്കുമെന്നാണ് ട്രംപ് അറിയിച്ചത്. എന്നാല്‍ താത്ക്കാലിക അടിസ്ഥാനത്തില്‍ രാജ്യത്തിലേക്ക് പ്രവേശിക്കുന്നവരെ ഇത് ബാധിക്കില്ലെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
അമേരിക്കയിലെ ലോക്ക്ഡൗണ്‍ അവസാനിക്കുമ്പോള്‍ തൊഴില്‍ നഷ്ടപ്പെട്ട അമേരിക്കക്കാര്‍ക്ക് തൊഴിലിന് പ്രാധാന്യം നല്‍കാനാണ് ഇത്തരത്തില്‍ കുടിയേറ്റം നിര്‍ത്തിവെക്കുന്നതെന്നും തുടര്‍ന്നും നീട്ടുവെക്കുമോ ഇല്ലയോ എന്നത് അമേരിക്കയുടെ സാമ്പത്തിക സ്ഥിതിയനുസരിച്ച് പരിഗണിക്കുമെന്നും ട്രംപ് അറിയിച്ചു.
കോവിഡിന്റെ പശ്ചാത്തലത്തില്‍ അമേരിക്കക്കാരുടെ തൊഴില്‍ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പരിഗണിച്ച് എക്‌സിക്യുട്ടീവ് ഉത്തരവില്‍ ഒപ്പുവെക്കാന്‍ പോകുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് ട്രംപ് ട്വിറ്ററില്‍ കുറിച്ചത്.
‘അമേരിക്കന്‍ തൊഴിലാളികളെ നമ്മള്‍ സംരക്ഷിക്കണം. 60 ദിവസത്തേക്കാണ് ഈ വിലക്ക്. അതിനു ശേഷം സാഹചര്യങ്ങള്‍ക്കനുസരിച്ചു തീരുമാനമെടുക്കും.’ – വൈറ്റ്ഹൗസിലെ പ്രതിദിന വാര്ത്താസമ്മേളനത്തില്‍ ട്രംപ് അറിയിച്ചു. ബുധനാഴ്ച, എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവയ്ക്കുന്നതോടെ ഗ്രീന്‍കാര്‍ഡ് പ്രതീക്ഷിക്കുന്ന പതിനായിരക്കണക്കിന് ഇന്ത്യന്‍ അമേരിക്കക്കാര്‍ ഇനിയും കാത്തിരിക്കേണ്ടി വരും.
എച്ച്-1ബി വിസ താത്ക്കാലികമായതിനാല്‍ നോണ്‍-ഇമിഗ്രന്റ് വീസയായിട്ടാണ് പരിഗണിച്ചിരിക്കുന്നത്. എച്ച്-1ബി പുതുക്കി ക്രമേണ ഗ്രീന്‍ കാര്‍ഡ് നേടുന്നവരെയാണ് ഇമിഗ്രന്റ് എന്ന് കണക്കാക്കുന്നത്. താത്ക്കാലിക പ്രവേശനത്തെ ബാധിക്കില്ലെന്ന ട്രംപിന്റെ വാക്കുകള്‍ ഐടി പ്രഫഷനുകള്‍ക്ക് ആശ്വാസകരമാണ്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടു കോടിയിലധികം തൊഴിലാളികളാണ് അമേരിക്കയില്‍ തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിച്ചിരിക്കുന്നത്.