സിഐയുടെ സസ്‌പെന്‍ഷന്‍; സര്‍ക്കാരിനെ തിരുത്തി, ഇത് കോണ്‍ഗ്രസ് സമരത്തിന്റെ വിജയമെന്ന് സതീശന്‍

കൊച്ചി: ആലുവയില്‍ നിയമ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ സിഐ സുധീറിനെ സസ്പെന്‍ഡ് ചെയ്ത നടപടി കോണ്‍ഗ്രസ് നടത്തിയ സമരത്തിന്റെ വിജയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സി.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ ബെന്നി ബെഹനാന്‍ എംപി, അന്‍വര്‍ സാദത്ത് എംഎല്‍എ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്ന് ദിവസമായി കോണ്‍ഗ്രസ് ഉപരോധ സമരം നടത്തുകയായിരുന്നു.

പൊലീസ് ഉദ്യോഗസ്ഥനെ രക്ഷിക്കാന്‍ ശ്രമിച്ച സര്‍ക്കാരിനെക്കൊണ്ട് തെറ്റുതിരുത്തിക്കാനും നടപടി സ്വീകരിക്കാനും പ്രേരിപ്പിച്ചത് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും നടത്തിയ സമരമാണ്. എറണാകുളത്തെ ജനപ്രതിനിധികളെ അഭിവാദ്യം ചെയ്യുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കേരളത്തിലെ സ്ത്രീകളുടെ സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് യുഡിഎഫും കോണ്‍ഗ്രസും സ്വീകരിക്കുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, മരിച്ച വിദ്യാര്‍ഥിനിക്ക് ഇപ്പോഴെങ്കിലും നീതി ലഭിച്ചതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് ബെന്നി ബെഹനാന്‍ എംപി പറഞ്ഞു. സിഐ സുധീറിനെ സസ്പെന്‍ഡ് ചെയ്തതായി എസ്പി ഔദ്യോഗികമായി അന്‍വര്‍ സാദത്ത് എംഎല്‍എ ഫോണില്‍ വിളിച്ചറിയിച്ചെന്നും ബെന്നി ബെഹനാന്‍ വ്യക്തമാക്കി.

Top