പെട്രോൾ പമ്പുടമയിൽ നിന്നും കോഴ വാങ്ങിയ ബിജെപി പ്രവർത്തകർക്ക് സസ്‌പെൻഷൻ

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ പെട്രോൾ പമ്പുടമയിൽ നിന്നും ബിജെപി നേതാക്കൾ കോഴ വാങ്ങിയെന്ന പരാതിയിൽ നടപടി. ബിജെപി പ്രാദേശിക നേതാക്കളെ സസ്‌പെൻഡ് ചെയ്തു. ബിജെപി പേരാമ്പ്ര മണ്ഡലം ജനറൽ സെക്രട്ടറി കെ രാഘവൻ, വൈസ് പ്രസിഡന്റ്‌ ശ്രീജിത്ത്‌ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.

പണപ്പിരിവിനെച്ചൊല്ലി ബിജെപി യോഗത്തിലുണ്ടായ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് അഞ്ച് പ്രവർത്തകർക്കെതിരെയും നടപടി എടുത്തിട്ടുണ്ട്. ഇവരെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. പെട്രോള്‍ പമ്പ് നിര്‍മാണത്തിനെതിരായ പ്രതിഷേധം അവസാനിപ്പിക്കാമെന്ന പേരില്‍ ബിജെപി നേതാക്കള്‍ പണം വാങ്ങിയെന്ന ബിജെപി പ്രവര്‍ത്തകനായ പ്രജീഷിന്റെ പരാതിയെച്ചൊല്ലിയായിരുന്നു കയ്യാങ്കളി. ജില്ലാ കോർ കമ്മറ്റിയിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.

ആര്‍ എസ് എസ് പ്രവര്‍ത്തകനും മുന്‍ ബിജെപി നേതാവുമായ പാലേരി സ്വദേശി പ്രജീഷിന്റെ പെട്രോള്‍ പമ്പ് നിര്‍മ്മാണത്തിനായി മണ്ണ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് പ്രാദേശികമായി പ്രതിഷേധം ഉണ്ടായിരുന്നു. ഇത് പരിഹരിക്കാമെന്ന് പറഞ്ഞ് ബിജെപി പേരാമ്പ്ര നിയോജകമണ്ഡലം പ്രസിഡന്റും ചില ഭാരവാഹികളും ചേര്‍ന്ന് ഒരു ലക്ഷത്തി പതിനായിരം രൂപ പ്രജീഷില്‍ നിന്നും വാങ്ങിയതായാണ് ആരോപണം. വീണ്ടും ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് നേതാക്കള്‍ സമീപിച്ചെങ്കിലും പണം നല്‍കിയില്ലെന്ന് പ്രജീഷ് പറയുന്നു. പിന്നാലെ പെട്രോള്‍ പമ്പ് നിര്‍മ്മാണം നേതാക്കളിടപെട്ട് തടഞ്ഞതായാണ് പരാതി. നേതാക്കള്‍ തന്റെ ഉടമസ്ഥതയില്‍ കുറ്റ്യാടിയിലുളള പെട്രോള്‍ പമ്പിലെത്തി പണം വാങ്ങുന്ന ദൃശ്യങ്ങളും പ്രജീഷിന്റെ ശബ്ദരേഖയും പുറത്ത് വന്നിരുന്നു.

Top