കല്‍പറ്റ: മക്കിമലയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. മക്കിമലയിലെ സര്‍ക്കാര്‍ ഭൂമിക്ക് രേഖയുണ്ടാക്കാന്‍ ഭൂമാഫിയക്കാരില്‍ നിന്ന് കൈക്കൂലി വാങ്ങിയതിനാണ് വില്ലേജ് ഓഫീസര്‍ രവിയെ സസ്‌പെന്‍ഡ് ചെയ്തത്. വാളാട് സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറായ രവി കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ ലഭിച്ച സാഹചര്യത്തിലാണ് കലക്ടറുടെ ഉത്തരവ്.
സംഭവത്തെ കുറിച്ച് അന്വേഷിക്കാനും ജില്ലാ കലക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.അധികാര പരിധിക്ക് പുറത്തുള്ള ഭൂമിയിലാണ് വില്ലേജ് ഓഫീസര്‍ ഇടപ്പെട്ടത് എന്നതും ശ്രദ്ധേയം.
തവിഞ്ഞാല്‍ വില്ലേജിലെ മക്കിമലയില്‍ സൈനികര്‍ക്കായി സര്‍ക്കാര്‍ നല്‍കിയ ഭൂമിയ്ക്ക് വ്യാജ രേഖയുണ്ടാക്കുന്നതിന് വേണ്ടിയാണ് രവി ആദ്യ ഗഡുവായി 2000 രൂപ കൈക്കൂലി വാങ്ങിയത്. കുമ്പളാക്കാട് സ്വദേശി റഹീമിന്റെ പിതാവും വിമുക്തഭടനുമായ ഷംസുദീന് 1967ല്‍ മൂന്നേക്കര്‍ ഭൂമി മക്കിമലയില്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇത് കൈവശപ്പെടുത്തുന്നതിന് വേണ്ടി വ്യാജരേഖയുണ്ടാക്കുന്നതിന് വേണ്ടിയാണ് രവി കൈക്കൂലി വാങ്ങിയത്.