തൊടുപുഴ കോ ഓപ്പറേറ്റീവ് ലോ കോളജിൽ ആത്മഹത്യ ഭീഷണി മുഴക്കിക്കൊണ്ടുള്ള വിദ്യാർഥികളുടെ പ്രതിഷേധം അവസാനിപ്പിച്ചു. മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് സമരം ചെയ്ത വിദ്യാര്‍ഥികളെ സസ്പെൻഡ് ചെയ്ത നടപടി കോളജ് അധികൃതർ പിൻവലിച്ചതിന് പിന്നാലെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
കെട്ടിടത്തിന് മുകളില്‍ കയറി മുപ്പതോളം വിദ്യാര്‍ഥികളാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. സസ്‌പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് കോളജ് അധികൃതരുടെ അറിയിപ്പ് ലഭിച്ച ശേഷമാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഏഴ് വിദ്യാര്‍ഥികളെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇതില്‍ പ്രതിഷേധിച്ചായിരുന്നു വിദ്യാര്‍ഥികള്‍ സമരം ചെയ്തത്. മന്ത്രിയോ യൂണിവേഴ്‌സിറ്റി അധികൃതരോ എത്താതെ സമരം അവസാനിപ്പിക്കില്ലെന്നായിരുന്നു വിദ്യാര്‍ഥികളുടെ നിലപാട്.
കോളജില്‍ ഒരു വിദ്യാര്‍ഥിക്ക് അന്യായമായി ഇന്റേണല്‍ മാര്‍ക്ക് നല്‍കിയതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച മുതല്‍ കോളജില്‍ സമരം ആരംഭിച്ചിരുന്നു. സമരം ചെയ്ത വിദ്യാര്‍ഥികളെ റാഗിങ് കേസില്‍ കുടുക്കി സസ്‌പെന്‍ഡ് ചെയ്തുവെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം.