ദില്ലി: സസ്പെഷനിലായിരുന്ന നാല് കോൺഗ്രസ് എംപിമാർക്കെതിരെയുള്ള നടപടി പിൻവലിച്ചു. ലോക്സഭയിൽ പ്രതിഷേധിച്ചതിനായിരുന്നു ഇവരെ സസ്‌പെൻഡ് ചെയ്തത്. ടി എൻ പ്രതാപൻ ,രമ്യ ഹരിദാസ്, മാണിക്കം ടാഗോർ, ജ്യോതി മണി എന്നിവരുടെ സസ്പെൻഷനാണ് പിൻവലിച്ചത്.
സസ്പെഷൻ പിൻവലിക്കാനുള്ള പ്രമേയം ശബ്ദ വോട്ടോടെ പാസാക്കി. പ്ലക്കാർഡുയർത്തി ഇനി പ്രതിഷേധം പാടില്ലെന്നാണ് സ്പീക്കർ നിര്‍ദ്ദേശിച്ചത്. ഭരണപക്ഷമെന്നോ, പ്രതിപക്ഷമെന്നോ നോക്കാതെ നടപടിയെടുക്കുമെന്നും അറിയിച്ചു.
ഒന്‍പത് ദിവസം തുടര്‍ച്ചയായി സ്തംഭിച്ച പാര്‍ലമെന്‍റ് ഇന്ന് വീണ്ടും ചേരുമ്പോഴും ബഹളമയമായിരുന്നു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്സഭയും രാജ്യസഭയും ഇന്ന് രണ്ട് മണി വരെ നിര്‍ത്തി വച്ചു. പ്രതിപക്ഷ സംസ്ഥാനങ്ങളിലെ ഇഡി നടപടിയില്‍ ചര്‍ച്ച അനുവദിക്കാത്തതില്‍ രാജ്യസഭയില്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.