ഗുരുവായൂർ : അവധി നൽകാത്തതിന് സിഐയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സിപിഒയ്ക്ക് സസ്പെൻഷൻ. ഇൻസ്പെക്ടർ സി.പ്രേമാനന്ദ കൃഷ്ണനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ടെംപിൾ സറ്റേഷൻ സിപിഒ ടി.മഹേഷിനെയാണ് ജില്ല പൊലീസ് കമ്മിഷണർ സസ്പെൻഡ് ചെയ്തത്. മഹേഷിന്റെ അമ്മയ്ക്ക് അസുഖമായതിനെ തുടർന്ന് അവധി ലഭിക്കാൻ സിഐയെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് സിഐ താമസിക്കുന്ന സ്ഥലത്തെത്തി കയ്യേറ്റത്തിന് മുതിർന്നു. കഴിഞ്ഞ 29ന് രാത്രിയാണ് സംഭവം.
മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോൾ മഹേഷ് മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. തുടർന്ന് സസ്പെൻഡ് ചെയ്യുക ആയിരുന്നു. മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ റിട്ടേൺസ് വിഭാഗത്തിൽ ഉണ്ടായിരുന്നയാളാണ് സിപിഒ. വടക്കേക്കാട് ഉത്സവത്തിനിടെ പ്രശ്നമുണ്ടാക്കിയതിനെ തുടർനാണ് ഇയാളെ ഗുരുവായൂരിലേക്ക് സ്ഥലം മാറ്റിയത്.