വിദേശ വിമാന സര്‍വീസ് നിലയ്ക്കല്‍; പ്രചാരണം വസ്തുതാരഹിതമെന്ന് സിയാല്‍

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ നിലയ്ക്കുന്നതായുള്ള പ്രചാരണം വസ്തുതാരഹിതമെന്ന് സിയാല്‍ പിആര്‍ഒ പി.എസ്.ജയന്‍. സിയാലുമായി ബന്ധപ്പെട്ട് വിമാന സര്‍വീസുകള്‍ റദ്ദാക്കല്‍ പോലെയുള്ള നടപടികള്‍ ഉണ്ടായിട്ടില്ല.

പകരം ഇന്ത്യയില്‍ നിന്നു നേരിട്ടുള്ള യാത്രക്കാരുടെ പ്രവേശനം കാനഡ, യുകെ, സിംഗപ്പൂര്‍, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ വിലക്കിയിട്ടുണ്ട്. ഇത് ഒരാഴ്ചയായി നിലവിലുള്ളതാണ്. ഇതില്‍ ചില രാജ്യങ്ങളിലേക്ക് ട്രാന്‍സിറ്റായുള്ള പ്രവേനം തടഞ്ഞിട്ടുമില്ല. യുഎഇയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇന്ത്യയിലേക്കു വരുന്നതിനു തടസ്സമില്ലെന്ന് അദ്ദേഹം പറഞ്ഞു.

സിയാല്‍, ഉള്‍പ്പെടെ ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും ഇത്തരത്തില്‍ വിമാനങ്ങളുടെ അറൈവല്‍ സര്‍വീസുകളുണ്ട്. തിരികെ യാത്രക്കാരില്ലാതെ വിമാനങ്ങള്‍ മടങ്ങുകയും ചെയ്യും. എംബസികളുടെ പ്രത്യേക അനുമതിയില്‍ അത്യാവശ്യക്കാരായ യാത്രക്കാര്‍ക്ക് ഈ വിമാനങ്ങളില്‍ മടങ്ങുന്നതിനു തടസ്സമില്ല.

ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്, മാലി തുടങ്ങിയ രാജ്യങ്ങളിലെ വിമാനങ്ങള്‍ ഇരുഭാഗത്തേക്കും സര്‍വീസ് നടത്തുന്നുണ്ട്. മേയ് ഒന്നു വരെയാണ് നിലവില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ നിയന്ത്രണം കൊച്ചി വിമാനത്താവളത്തിനു മാത്രമല്ല, രാജ്യത്തുള്ള എല്ലാ വിമാനത്താവളങ്ങള്‍ക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.

 

Top