ന്യൂഡല്‍ഹി : രാജ്യസഭയില്‍ മോശം പെരുമാറ്റം നടത്തിയതെന്നാരോപിച്ച് സസ്പെന്‍ഡ് ചെയ്ത എം.പിമാരില്‍ അഞ്ചു പാര്‍ട്ടിക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ച് കേന്ദ്രസര്‍ക്കാര്‍.
സി.പി.എമ്മിലെ എളമരം കരീം, സി.പി.ഐയുടെ ബിനോയ് വിശ്വം, ആറ് കോണ്‍ഗ്രസ് എം.പിമാര്‍, ശിവസേന എം.പി അനില്‍ദേശായി, തൃണമൂല്‍ കോണ്‍ഗ്രസിന്റെ എം.പി ഡോളാ സെന്‍, ശാന്ത ഛേത്രി എന്നീ 12 എം.പിമാരെയാണ് ആഗസ്റ്റ് 11ന് സസ്‌പെന്‍ഡ് ചെയ്തിരുന്നത്.
ഇവരില്‍ അഞ്ചു പാര്‍ട്ടിക്കാരെയാണ് ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. അഞ്ചു പാര്‍ട്ടിക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ചത് പ്രതിപക്ഷ എംപിമാരെ ഭിന്നിപ്പിക്കാനുള്ള നീക്കമാണെന്നും നാളെ 9.45 ന് ചേരുന്ന പ്രതിപക്ഷയോഗത്തില്‍ സര്‍ക്കാരുമായി സംസാരിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും ബിനോയ് വിശ്വം എം.പി പറഞ്ഞു.
പെഗാസസ് വിഷയത്തിലെ അന്വേഷണവും പാര്‍ലമെന്റില്‍ ചര്‍ച്ചയും ആവശ്യപ്പെട്ടാണ് പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചത്. തുടര്‍ന്ന് എം.പിമാരെ ശീതകാല സമ്മേളനം കഴിയുന്നത് വരെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. എം.പിമാര്‍ സ്പീക്കറോടും സഭയോടും മാപ്പുപറഞ്ഞാല്‍ സസ്പെന്‍ഷന്‍ നടപടി പുനഃപരിശോധിക്കാമെന്ന് പാര്‍ലമെന്റ് കാര്യമന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചിരുന്നു. എന്നാല്‍ മാപ്പു പറയാന്‍ ഞങ്ങള്‍ സവര്‍ക്കറല്ലെന്നായിരുന്നു ബിനോയ് വിശ്വം പ്രതികരിച്ചിരുന്നത്.