കോഴിക്കോട്: മുക്കം പോലീസ് സ്റ്റേഷനില്‍ നിന്ന് മണ്ണുമാന്തിയന്ത്രം മോഷണം പോയ സംഭവത്തില്‍ എസ്.ഐയ്ക്ക് സസ്‌പെന്‍ഷന്‍. പ്രിന്‍സിപ്പല്‍ എസ്.ഐ. നൗഷാദിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വടകര എസ്.പിയുടെ റിപ്പോര്‍ട്ട് പ്രകാരം കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജിയാണ് സസ്‌പെന്‍ഡ് ചെയ്തത്.
സെപ്റ്റംബര്‍ 19ന് ജെ.സി.ബിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചിരുന്നു. തുടര്‍ന്ന് ജെ.സി.ബി. പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അപകടം വരുത്തിയ ജെ.സി.ബിക്ക് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ല. കേസില്‍ ഇതെല്ലാം തിരിച്ചടിയാകുമെന്ന് മുന്നില്‍ കണ്ട് ജെ.സി.ബി. ഉടമയുടെ നേതൃത്വത്തിലുളള സംഘം സ്റ്റേഷന്‍ വളപ്പില്‍ നിര്‍ത്തിയിട്ട ജെ.സി.ബി. മോഷ്ടിക്കുകയായിരുന്നു. പകരം മറ്റൊരു ജെ.സി.ബി. കൊണ്ടുവെക്കുന്നതിനിടെയാണ് സംഭവം പോലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്.
തുടര്‍ന്ന് കുറ്റകൃത്യം നടത്തിയ അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും മോഷ്ടിച്ച ജെ.സി.ബി. പ്രതികളില്‍ ഒരാളുടെ ബന്ധുവീട്ടില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തിരുന്നു. ചുറ്റുമതിലില്ലാത്ത സ്റ്റേഷന്‍ കോമ്പൗണ്ടില്‍ നിന്ന് തൊണ്ടി മുതല്‍ മോഷണം പോയതില്‍ എസ്.ഐ. നൗഷാദിന് പങ്കുണ്ടെന്ന് കണ്ടെത്തിയതോടെയാണ് നടപടി.