വാഹനപരിശോധനയ്ക്കിടെ അപകടം ;രണ്ട്‌പേര്‍ മരിച്ച സംഭവത്തില്‍ എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

suspened

മുഹമ്മ : ആലപ്പുഴ കഞ്ഞിക്കുഴിയില്‍ പൊലീസ് ജീപ്പ് പിന്തുടര്‍ന്നു നിര്‍ത്തിയതിനെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ട് രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍. ആലപ്പുഴ എസ്പി നടത്തിയ അന്വേഷണത്തിലാണ് കുത്തിയതോട് എസ്‌ഐ സോമന്‍ കുറ്റക്കാരനാണെന്നു തെളിഞ്ഞത്. ഇയാള്‍ക്കെതിരെ വകുപ്പു തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. തുടരന്വേഷണം നടത്തി ആവശ്യമെങ്കില്‍ കൂടുതല്‍ നടപടി സ്വീകരിക്കുമെന്നും എസ്പി അറിയിച്ചു.

മാര്‍ച്ച് പതിനൊന്നിനു പുലര്‍ച്ചെയാണ് പൊലീസിന്റെ വാഹനപരിശോധനയ്ക്കിടെ അപകടമുണ്ടായത്. അപകടത്തില്‍ പരുക്കേറ്റു ചികിത്സയിലിരുന്ന വീട്ടമ്മ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. കഞ്ഞിക്കുഴി ഊത്തക്കരച്ചിറ (കിഴക്കേ തയ്യില്‍) ഷേബുവിന്റെ ഭാര്യ സുമിയാണു (34) മരിച്ചത്.

അപകടത്തില്‍ പരുക്കേറ്റ പാതിരപ്പള്ളി വെളിയില്‍ ബാലന്റെ മകന്‍ വിച്ചു (24) സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. പൊലീസ് കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയെന്ന് ആരോപിച്ച് ഷേബുവും കുടുംബവും സഞ്ചരിച്ച ബൈക്കിനു കുറുകെ പൊലീസ് ജീപ്പ് നിര്‍ത്തുകയായിരുന്നു. ഈ സമയം എതിരെ വന്ന വിച്ചുവിന്റെ ബൈക്ക് ഷേബുവിന്റെ ബൈക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

Top