യുപിയില്‍ ഡെങ്കി വ്യാപനമെന്ന് സംശയം; അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

ലഖ്നൗ: യുപിയിലെ ഫിറോസാബാദില്‍ കഴിഞ്ഞ പത്ത് ദിവസത്തിനിടെ 53 പേര്‍ മരിച്ചത് ഡെങ്കി വ്യാപനത്തെ തുടര്‍ന്നെന്ന് സംശയം. മരിച്ചതില്‍ 45 പേരും കുട്ടികളാണ്. ഇതോടെ സെപ്റ്റംബര്‍ ആറ് വരെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളും അടച്ചിടാന്‍ ഉത്തരവിട്ടു. ഡെങ്കി വ്യാപനമാണോ എന്ന് സ്ഥിരീകരിക്കാന്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.

ഫിറോസാബാദിലെ മെഡിക്കല്‍ കോളേജില്‍ 180ല്‍പ്പരം ആളുകളെയാണ് രോഗബാധിതരായി പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിയ ഭൂരിഭാഗത്തിനും വൈറല്‍ പനിയാണെന്നും ചിലര്‍ക്ക് പരിശോധനയില്‍ ഡെങ്കി സ്ഥിരീകരിച്ചുവെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം ഫിറോസാബാദ് മെഡിക്കല്‍ കോളേജിലെത്തി ചികിത്സയിലുള്ളവരെ സന്ദര്‍ശിച്ചിരുന്നു. മരിച്ച കുട്ടികളില്‍ ചിലരുടെ വീട്ടിലെത്തി ബന്ധുക്കളേയും അദ്ദേഹം സന്ദര്‍ശിച്ചു. മരണങ്ങളുടെ കാരണം എന്താണെന്ന് അന്വേഷിച്ച് വിശദീകരണം നല്‍കാന്‍ പ്രത്യേക അന്വേഷണ സംഘത്തേയും നിയോഗിച്ചു.

 

Top