മനുഷ്യകടത്തെന്ന് സംശയം; അറസ്റ്റൊഴിവാക്കാന്‍ അമിത വേഗതയില്‍ പാഞ്ഞ വാഹനം മറ്റൊരു കാറിലേക്ക് ഇടിച്ച് കയറി

ടെക്‌സാസ്: മനുഷ്യക്കടത്തെന്ന സംശയത്തില്‍ പൊലീസ് വാഹനത്തിന് കൈ കാണിച്ചു. അറസ്റ്റൊഴിവാക്കാന്‍ അമിത വേഗതയില്‍ പാഞ്ഞ വാഹനം മറ്റൊരു കാറിലേക്ക് ഇടിച്ച് കയറി, എട്ട് പേര്‍ക്ക് ദാരുണാന്ത്യം. അമേരിക്കയിലെ ടെക്‌സാസിലാണ് സംഭവം. ഹൂസ്റ്റണില്‍ നിന്ന് ഹോണ്ട കാറിലെത്തിയ മനുഷ്യക്കടത്തുകാരനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമമാണ് 8 പേരുടെ ദാരുണാന്ത്യത്തിന് കാരണമായത്. ടെക്‌സാസിന് സമീപമുള്ള ബാറ്റ്‌സ്വില്ലേയ്ക്ക് സമീപത്ത് വച്ചാണ് അപകടമുണ്ടാവുന്നത്.

എസ്യുവിയില്‍ സഞ്ചരിച്ചിരുന്നവരെ പൊലീസ് ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. 67വയസ് പ്രായമുള്ള ജോസ് ലെര്‍മ, 65 വയസ് പ്രായമുള്ള ഇസബെല്‍ ലെര്‍മ എന്നിവരാണ് എസ്യുവിയിലെ യാത്രക്കാര്‍. ജോര്‍ജിയയിലെ ഡാല്‍ട്ടണ്‍ സ്വദേശികളാണ് ഇവര്‍. കൂട്ടിയിടിയിലും പിന്നാലെയുണ്ടായ തീ പിടുത്തത്തിലും പൂര്‍ണമായി കത്തിനശിച്ച അവസ്ഥയിലാണ് കാറുകളുള്ളത്. സംഭവത്തില്‍ അമേരിക്കന്‍ പൊലീസിനെ ബന്ധപ്പെട്ടതായി അമേരിക്കന്‍ വിദേശ മന്ത്രാലയം വിശദമാക്കി.

പൊലീസിനെ വെട്ടിച്ച് വലിയ വാഹനങ്ങളുടെ ട്രാക്കിലേക്ക് പാഞ്ഞ് കയറിയ കാര്‍ ഒരു എസ്യുവിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറുകള്‍ക്ക് തീ പിടിക്കുകയായിരുന്നു. ഹോണ്ട കാറിലുണ്ടായിരുന്ന മനുഷ്യക്കടത്തുകാരനെന്ന് സംശയിക്കുന്ന ആളടക്കം അറി പേരും എസ്യുവിയിലെ രണ്ട് പേരുമാണ് കൊല്ലപ്പെട്ടത്. ജോര്‍ജിയ സ്വദേശികളാണ് എസ്യുവിയിലുണ്ടായിരുന്നത്. ഹോണ്ട കാറിലുണ്ടായിരുന്നത് ഹോണ്ടുറാസ് സ്വദേശികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഹൈവേ 57ലാണ് വലിയ അപകടമുണ്ടായത്.

 

Top