മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളുമായി ഹ്യുണ്ടായിയുടെ സബ്‌കോമ്പാക്ട് എസ്‌യുവി കോണ ബ്രിട്ടീഷ് വിപണിയില്‍ അവതരിപ്പിച്ചു.
ഏകദേശം 12.23 ലക്ഷം രൂപയിലാകും എന്‍ട്രിലെവല്‍ ഹ്യുണ്ടായി കോണ സാന്നിധ്യമറിയിക്കുക. ഹ്യുണ്ടായി നിരയില്‍ ടക്‌സോണിനും ക്രെറ്റയ്ക്കും ഇടയിലാണ് കോണയുടെ സ്ഥാനം.
കാറുകളിലുപരി യൂട്ടിലിറ്റി വാഹനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇന്നത്തെ ഉപഭോക്തൃ സമൂഹത്തിന് മുന്നില്‍ ഹ്യുണ്ടായിയുടെ പ്രതീക്ഷകളാണ് കോണയും, ടക്‌സോണും, സാന്റാ ഫെയും.
എതിരാളികളില്‍ നിന്നും വ്യത്യസ്തമായി, ഓള്‍വീല്‍ ഡ്രൈവില്‍ ഒരുങ്ങുന്ന കോണയെ ഹ്യുണ്ടായി ഓപ്ഷണലായി നല്‍കുന്നു. ഹ്യുണ്ടായി ശ്രേണിയില്‍ നടത്തിയിരിക്കുന്ന അപ്രതീക്ഷിത നീക്കമാണിത്.
ഓള്‍വീല്‍ ഡ്രൈവിന് പുറമെ പുതിയ ഡ്യൂവല്‍ക്ലച്ച് ഗിയര്‍ബോക്‌സ്, ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനും ഓപ്ഷണലായി കോണയില്‍ ഹ്യുണ്ടായി അവതരിപ്പിക്കുന്നു.
ഹ്യുണ്ടായിയുടെ നിലവിലുള്ള ഇന്റീരിയര്‍ ഡിസൈന്‍ തത്വം തന്നെയാണ് കോണയിലും പിന്തുടര്‍ന്നിരിക്കുന്നത്. ഡാഷ്‌ബോര്‍ഡിന് മുകളില്‍ ഇടംപിടിക്കുന്ന ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയും, HVAC കണ്‍ട്രോളുകളും ഇന്റീരിയറില്‍ ശ്രദ്ധേയമാണ്.
118 bhp കരുത്തേകുന്ന 1.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍, 175 bhp കരുത്തേകുന്ന 1.6 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന്‍, 113 bhp കരുത്തേകുന്ന 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ എന്നിങ്ങനെയാണ് കോണ ഒരുങ്ങിയെത്തുക.
1.0 ലിറ്റര്‍ എഞ്ചിനില്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും, 1.6 ലിറ്റര്‍ പെട്രോള്‍, 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളില്‍ 7 സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമാണ് ഹ്യുണ്ടായി ലഭ്യമാക്കുക.
നിലവില്‍ കോണയുടെ ഇന്ത്യന്‍ വരവ് സംബന്ധിച്ച് ഹ്യുണ്ടായി ഔദ്യോഗിക അറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല. ഹോണ്ട H-RV, നിസാന്‍ ജ്യൂക്ക്, ടൊയോട്ട C-HR എന്നിവരുമായാണ് ഹ്യുണ്ടായി കോണ രാജ്യാന്തര വിപണിയില്‍ മത്സരിക്കുക.