ഇന്‍ട്രൂഡറിന് പ്രത്യേക പതിപ്പുമായി സുസുക്കി ; വില ഒരുലക്ഷം രൂപ മുതല്‍

പുത്തന്‍ ഇരട്ടനിറ ശൈലിയില്‍ ഇന്‍ട്രൂഡര്‍ സ്‌പെഷ്യല്‍ എഡിഷന്‍ SP, Fi SP മോഡലുകളെ സുസുക്കി ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. ഒരുലക്ഷം രൂപയാണ് സ്‌പെഷ്യല്‍ എഡിഷന്‍ ഇന്‍ട്രൂഡര്‍ SP ക്ക് വില. ഇന്‍ട്രൂഡര്‍ Fi SP ക്ക് വില 1.07 ലക്ഷം രൂപയും. വിലകള്‍ ദില്ലി എക്‌സ്‌ഷോറൂം അടിസ്ഥാനപ്പെടുത്തി.

പുറംമോടിയില്‍ ചെറിയ രീതിയില്‍ വരുത്തിയ മാറ്റങ്ങളാണ് സ്‌പെഷ്യല്‍ എഡിഷന്‍ ഇന്‍ട്രൂഡറിന്റെ പ്രധാന വിശേഷം. ചുവപ്പും (ക്യാന്‍ഡി സനോമ റെഡ്) കറുപ്പും (മാറ്റ് ബ്ലാക്) ഇടകലര്‍ന്ന നിറശൈലിയാണ് ഇന്‍ട്രൂഡര്‍ സ്‌പെഷ്യല്‍ എഡിഷന് നല്‍കിയിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളുടെ ഗണത്തില്‍പ്പെടുന്ന പില്യണ്‍ ബാക്ക്‌റെസ്റ്റ്, കറുപ്പുനിറമുള്ള സൈലന്‍സര്‍ കവചം, പുതിയ മിറര്‍ ഹൗസിംഗ് എന്നിവ ഇന്‍ട്രൂഡര്‍ സ്‌പെഷ്യല്‍ എഡിഷന്റെ വിശേഷങ്ങളില്‍പ്പെടും.

രൂപഭാവത്തില്‍ 1.8 ലിറ്റര്‍ എഞ്ചിന്‍ തുടിക്കുന്ന ഇന്‍ട്രൂഡര്‍ M1800R നെ അനുകരിക്കാന്‍ 155 സിസി ഇന്‍ട്രൂഡര്‍ 150 പരമാവധി ശ്രമിക്കുന്നുണ്ട്. ബൈക്കിലുള്ള 154.9 സിസി എയര്‍ കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിന് 14 bhp കരുത്തും 14 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. കാര്‍ബ്യുറേറ്റര്‍, ഫ്യൂവല്‍ ഇഞ്ചക്ഷന്‍ പതിപ്പുകള്‍ മോഡലില്‍ ലഭ്യമാണ്. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് അബ്‌സോര്‍ബറും ഇന്‍ട്രൂഡറില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും. 17 ഇഞ്ച് ട്യൂബ്‌ലെസ് ടയറുകളില്‍ ഡിസ്‌ക് ബ്രേക്കുകളാണ് നിയന്ത്രണമേകുക.

Top