പുതിയ മോഡല്‍ പുറത്തിറക്കിക്കൊണ്ട് സുസുക്കി തങ്ങളുടെ ഐതിഹാസിക കറ്റാന ബ്രാന്‍ഡ് നെയിം പുനരുജ്ജീവിപ്പിച്ചു. ഇത് ഒരു ലിറ്റര്‍ ക്ലാസ് നിയോ-റെട്രോ സ്‌പോര്‍ട്‌സ് ബൈക്കായാണ് വരുന്നത്. ടോക്കിയോ, ഒസാക്ക മോട്ടോര്‍സൈക്കിള്‍ ഷോകളില്‍ തങ്ങളുടെ പുതുക്കിയ മോഡലുകള്‍ പ്രദര്‍ശിപ്പിക്കാനായിരുന്നു സുസുക്കിയുടെ പദ്ധതി.
പക്ഷേ കൊറോണ കാരണം അവ റദ്ദാക്കപ്പെട്ടു. രണ്ട് പുതിയ കളര്‍ സ്‌കീമുകളിലാണ് കറ്റാന വരുന്നത്. ആദ്യത്തേത് ക്യാന്‍ഡി റെഡാണ്, ബൈക്കിന് ഈ നിറത്തിനോട് പൊരുത്തപ്പെടുന്ന വീലുകളും വിപരീതമായ സ്വര്‍ണ്ണ നിറമുള്ള ബാറുകളും ഫോര്‍ക്കുകളും കമ്പനി നല്‍കുന്നു.
ഉപഭോക്താക്കളില്‍ നിന്നുള്ള പ്രതികരണങ്ങള്‍ ശ്രദ്ധിച്ചതിന് ശേഷമാണ് സുസുക്കി ഈ രണ്ട് പുതിയ നിറങ്ങളുമായി വിപണിയില്‍ എത്തിയിരിക്കുന്നത്. രണ്ടാമത്തെ പുതിയ കളര്‍ ഓപ്ഷന്‍ മാറ്റ് ബ്ലാക്ക് ആണ്.
കാഴ്ചയില്‍ മുമ്പത്തേതിനേക്കാള്‍ നാടകീയ ലുക്കും, ആകര്‍ഷകവുമാണെന്ന് തോന്നാമെങ്കിലും യാന്ത്രികമായി, വാഹനത്തില്‍ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. 2020 കറ്റാന സുസുക്കി ജിഎസ്എക്‌സ് എസ് 1000 എഫ് -നെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇരു മോഡലുകളിലും അതേ 999 സിസി, ഇന്‍-ലൈന്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിനാണ് ഉപയോഗിക്കുന്നത്.
10,000 ആര്‍പിഎമ്മില്‍ 147 ബിഎച്ച്പി കരുത്തും 9,500 ആര്‍പിഎമ്മില്‍ 105 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്നു. പുതിയ കറ്റാന ആദ്യമായി പ്രദര്‍ശിപ്പിച്ചപ്പോള്‍, വാഹനത്തിന് മോണോക്രോമാറ്റിക് നിറങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ വിപണിയില്‍ മുമ്പോട്ട് പോകാന്‍ കൂടുതല്‍ മെച്ചപ്പെടുത്തലുകള്‍ ആവശ്യമാണെന്ന് കമ്പനി പറയുന്നു.