സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ്; പുനരന്വേഷണത്തിന് ഉത്തരവിട്ട് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: പീഡന ശ്രമത്തിനിടെ സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ പുനരന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് മേധാവിയുടെ ഉത്തരവ്. കേസന്വേഷണം അവസാന ഘട്ടത്തിലെത്തി നില്‍ക്കെയാണ് സ്വാമിയുടെ കൂടി പരാതി പരിഗണിച്ചുകൊണ്ടുള്ള പുനരന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ. തച്ചങ്കരിഉത്തരവിട്ടത്.

പീഡനശ്രമത്തിനിടെ ആക്രമിച്ചെന്ന ആദ്യമൊഴി തിരുത്തി പെണ്‍കുട്ടി പരാതി പിന്‍വലിച്ചതും അന്വേഷിക്കും. ആക്രമിച്ചത് സ്വന്തം സഹായിയാണെന്നും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഈ സംഭവത്തില്‍ പങ്കുണ്ടെന്നും ആരോപിച്ച് സ്വാമി പരാതി നല്‍കിയിരുന്നു. എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുടെ പരാതിയില്‍ പേട്ട പൊലീസായിരുന്നു ആദ്യം അന്വേഷണം നടത്തിയത്. പെണ്‍കുട്ടിയുടെ മൊഴി പ്രാകാരം സ്വാമിയെ മാത്രം പ്രതിയാക്കിയായിരുന്നു കേസ്.

എന്നാല്‍ വൈകാതെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയുകയായിരുന്നു. പെണ്‍കുട്ടി നേരിട്ട് ഹാജരായി തനിക്ക് പരാതിയില്ലെന്നും, സ്വാമി തന്നെ ആക്രമിച്ചിട്ടില്ലെന്നും താനല്ല സ്വാമിയെ ആക്രമിച്ചതെന്നും പൊലീസില്‍ മൊഴിമാറ്റി. ഇതേ രീതിയില്‍ കോടതിയിലും പെണ്‍കുട്ടി മൊഴി നല്‍കുകയായിരുന്നു. ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ പെണ്‍കുട്ടി സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചെന്ന കേസ് ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. ജനനേന്ദ്രിയം താന്‍ സ്വയം മുറിച്ചതാണെന്നായിരുന്നു ശ്രീഹരി എന്ന സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദ ആദ്യം പറഞ്ഞത്.

Top