പെണ്‍മക്കളെ ആശ്രമത്തില്‍ തടഞ്ഞുവച്ചു; നിത്യാനന്ദയ്‌ക്കെതിരെ മാതാപിതാക്കള്‍

അഹമ്മദാബാദ് : വിവാദ സ്വാമി നിത്യാനന്ദയുടെ ആശ്രമത്തില്‍ തങ്ങളുടെ രണ്ടു പെണ്‍കുട്ടികളെ തടഞ്ഞു വച്ചിരിക്കുകയാണെന്നും അവരെ തിരിച്ചെത്തിക്കാന്‍ നടപടിയെടുക്കണമെന്നും ആരോപിച്ച് മാതാപിതാക്കള്‍
ഗുജറാത്ത് ഹൈക്കോടതിയില്‍. ജനാര്‍ദന ശര്‍മയും ഭാര്യയുമാണ് തിങ്കളാഴ്ച കോടതിയില്‍ ഹര്‍ജി നല്‍കിയത്.

2013 ല്‍ ദമ്പതികളുടെ 7 മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള നാല് പെണ്‍കുട്ടികളെ ബെംഗളൂരുവില്‍ സ്വാമി നിത്യാനന്ദ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ ചേര്‍ത്തിരുന്നു. എന്നാല്‍ ഈ വര്‍ഷം കുട്ടികളെ നിത്യാനന്ദ നടത്തുന്ന മറ്റൊരു സ്ഥാപനത്തിലേക്കു മാറ്റിയിരുന്നു. എന്നാല്‍ കുട്ടികളെ കാണണമെന്ന മാതാപിതാക്കളുടെ ആവശ്യം സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍ നിഷേധിക്കുകയായിരുന്നു.

തുടര്‍ന്ന് പൊലീസിന്റെ സഹായത്തോടെ ശര്‍മ സ്ഥാപനം സന്ദര്‍ശിക്കുകയും പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ തിരികെ കൊണ്ടു വരികയും ചെയ്തു. എന്നാല്‍ മൂത്ത കുട്ടികളായ ലോപാമുദ്ര ജനാര്‍ദന ശര്‍മ (21) നന്ദിത(18) എന്നിവര്‍ മടങ്ങിവരാന്‍ തയ്യാറായില്ലെന്നും രണ്ട് ഇളയ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി രണ്ടാഴ്ചയിലേറെ അനധികൃത തടവില്‍ പാര്‍പ്പിച്ചിരുന്നെന്നും ദമ്പതികള്‍ ആരോപിച്ചു.

പെണ്‍കുട്ടികളെ നിയമവിരുദ്ധ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് ആരോപിച്ച ശര്‍മ, അവരെ കോടതിയില്‍ ഹാജരാക്കി കൈമാറണമെന്നും സ്ഥാപനത്തില്‍ പാര്‍പ്പിച്ചിരിക്കുന്ന പ്രായപൂര്‍ത്തയാകാത്ത മറ്റു കുട്ടികളെപ്പറ്റി അന്വേഷിക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം ജൂണില്‍ കര്‍ണാടക കോടതി നിത്യാനന്ദയ്‌ക്കെതിരെ പീഡനക്കേസില്‍ കുറ്റം ചുമത്തിയിരുന്നു

Top