കഞ്ചാവ് ലഹരിയ‌ല്ല, ഔഷധമാണ് ; വിവാദ പ്രസംഗവുമായി ആള്‍ദൈവം സ്വാമി നിത്യാനനന്ദ

കര്‍ണാടക : കഞ്ചാവ് ലഹരിയല്ലെന്നും അതൊരു ഔഷധമാണെന്നും ആള്‍ദൈവം സ്വാമി നിത്യാനന്ദ. കഞ്ചാവ് ശരീരത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ സൃഷ്ടിക്കുന്നില്ലെന്നും നിത്യാനന്ദ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒരു പ്രസംഗത്തിലാണ് നിത്യാനന്ദയുടെ വിവാദ പ്രസ്താവന.

അതേസമയം പ്രസംഗത്തെക്കുറിച്ച് പരാതി ലഭിച്ചതിനെ തുടര്‍ന്ന് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് നിത്യാനന്ദയ്ക്ക് നോട്ടീസ് അയച്ചിരുന്നു. ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇതുവരെ നിത്യാനന്ദ ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരായിട്ടില്ല.

”മദ്യത്തിന് മാത്രമേ നമ്മെ അടിമയാക്കാന്‍ സാധിക്കൂ. എന്നാല്‍ ഒരിക്കലും കഞ്ചാവിന് അടിമപ്പെടില്ല. കാരണം അതൊരു ഔഷധമാണ്. അതുകൊണ്ടു തന്നെ കഞ്ചാവ് ഉപയോഗിക്കുന്നത് വഴി ശരീരത്തിന് ദോഷമൊന്നും സംഭവിക്കില്ല. ഞാന്‍ കഞ്ചാവിന്റെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുകയോ പിന്തുണയ്ക്കുകയോ അല്ല. ഞാനിവ ഒരിക്കലും ഉപയോഗിച്ചിട്ടില്ല. കഞ്ചാവ് എല്ലാവരും ഉപയോഗിക്കണമെന്നല്ല ഞാന്‍ പറയുന്നത്.” നിത്യാനന്ദ പറയുന്നു.

നിരവധി ആളുകളില്‍ മദ്യപാന ആസക്തി കണ്ടിട്ടുണ്ട്. എന്നാല്‍ കഞ്ചാവ് ഉപയോഗിക്കുന്നതില്‍ ആസക്തിയുള്ളവരെ കണ്ടിട്ടില്ല. കഞ്ചാവ് ഉപയോഗിക്കുന്നവര്‍ക്ക് അത് ആവശ്യമെങ്കില്‍ നിര്‍ത്താനും അവകാശമുണ്ട്. ഇതുപയോഗിച്ച് ആരോഗ്യം തകര്‍ന്നവരെ കണ്ടിട്ടില്ലെന്നും നിത്യാനന്ദ പ്രസംഗത്തില്‍ പറയുന്നു.

നിത്യാനന്ദയുടെ ഈ പ്രസംഗ വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിരവധി പേരാണ് പങ്കിട്ടത്. മാത്രമല്ല ചില മാധ്യമങ്ങള്‍ അത് വാര്‍ത്തയായി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് പൊതുജനങ്ങളില്‍ നിന്ന് ക്രൈം ബ്രാഞ്ചിന് പരാതി ലഭിക്കുന്നത്.

Top