പുതിയ പാര്‍ട്ടി രൂപീകരക്കാന്‍ ഒരുങ്ങി സമാജ്വാദി പാര്‍ട്ടി വിട്ട സ്വാമി പ്രസാദ് മൗര്യ

ലഖ്നൗ: സമാജ്വാദി പാര്‍ട്ടി വിട്ട സ്വാമി പ്രസാദ് മൗര്യ, പുതിയ പാര്‍ട്ടി രൂപവത്കരിക്കുന്നു. ഫെബ്രുവരി 13-ന് സമാജ്വാദി പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവെച്ച മൗര്യ, യു.പി. നിയമഭയിലെ എം.എല്‍.സി. അംഗത്വവും പിന്നീട് രാജിവെച്ചിരുന്നു.

സംശുദ്ധ രാഷ്ട്രീയത്തിലാണ് താന്‍ വിശ്വസിക്കുന്നതെന്നും അഖിലേഷ് യാദവുമായും സമാജ്വാദി പാര്‍ട്ടിയുമായും തനിക്ക് ആശയപരമായ വിയോജിപ്പുകളുണ്ടെന്നും മൗര്യ പറഞ്ഞു. ഫെബ്രുവരി 22-ന് ഡല്‍ഹിയിലെ തല്‍ക്കത്തോര സ്റ്റേഡിയത്തില്‍ മൗര്യ സ്വന്തം പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. രാഷ്ട്രീയ ശോഷിത് സമാജ് പാര്‍ട്ടി എന്നാകും മൗര്യയുടെ പാര്‍ട്ടിയുടെ പേരെന്നും സൂചനകളുണ്ട്.

അഞ്ചുവട്ടം എം.എല്‍.എ. ആയിരുന്ന മൗര്യ മന്ത്രിസ്ഥാനവും വഹിച്ചിട്ടുണ്ട്. എസ്.പി. നേതൃത്വം തന്നോട് പക്ഷപാതിത്വം കാണിച്ചതായി മൗര്യ ആരോപിക്കുന്നു. മാത്രമല്ല, വിവാദ പ്രസ്തവനകള്‍ നടത്തിയപ്പോള്‍ പാര്‍ട്ടി സംരക്ഷിച്ചില്ലെന്ന അമര്‍ഷവും മൗര്യയ്ക്കുണ്ട്. ഇതാണ് അദ്ദേഹം പാര്‍ട്ടി വിടുന്നതിലേക്ക് നയിച്ചതെന്നാണ് വിവരം. 2022-ലാണ് ബി.ജെ.പി. വിട്ട മൗര്യ സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്. തുടര്‍ന്ന് ഫാസില്‍നഗറില്‍നിന്ന് മത്സരിച്ചുവെങ്കിലും വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല.

Top