തിരുവനന്തപുരം: ഷിബു എന്ന് പേര് വിളിച്ച് തന്നെ പരിഹസിച്ചവര്‍ക്ക് ചുട്ട മറുപടിയുമായി സ്വാമി സന്ദീപാനന്ദഗിരി.
‘ഷിബു ഒരു ചിന്ത’ എന്ന തലക്കെട്ടോടെ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സന്ദീപാനന്ദഗിരി വിമര്‍ശകര്‍ക്കെതിരെ രംഗത്തെത്തിയത്. ഷിബു എന്നാല്‍ ശിവ എന്നാണ് അര്‍ത്ഥമെന്നും, അങ്ങനെയെങ്കില്‍ അയ്യപ്പന്റെ അച്ഛന്‍ എന്ന അര്‍ത്ഥമാണ് ആ പേരിനെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സന്ദീപാനന്ദ ഗിരി ഉന്നയിക്കുന്നത്. എന്നാല്‍, കുറിപ്പില്‍ സംഗീത സംവിധായകന്‍ ബിജിപാലിന്റേതാണ് വാക്കുകള്‍ എന്ന തരത്തില്‍ പേരും ചേര്‍ത്തിട്ടുണ്ട്.
അതേസമയം, ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തില്‍ ആക്രമണം നടന്നിരുന്നു. ആശ്രമത്തില്‍ ഉണ്ടായിരുന്ന കാറുകള്‍ തീയിടുകയും ആശ്രമത്തിന് മുന്നില്‍ റീത്ത് വെയ്ക്കുകയും ചെയ്തിട്ടാണ് അക്രമി സംഘം പോയത്.
തീ ആളിപ്പടരുന്നത് കണ്ട ആശ്രമത്തിലുള്ളവര്‍ അഗ്‌നിശമന സേനയെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അവരെത്തിയാണ് തീയണച്ചത്. ആക്രമണത്തിന് പിന്നില്‍ സംഘപരിവാറും അയ്യപ്പധര്‍മസേന സംസ്ഥാന പ്രസിഡന്റ് രാഹുല്‍ ഈശ്വറും തന്ത്രി കുടുംബവുമാണെന്ന് സ്വാമി സന്ദീപാനന്ദ ഗിരി പ്രതികരിച്ചിരുന്നു.
സ്വാമി സന്ദീപാനന്ദഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഷിബു : ഒരു ചിന്ത.
നമ്മൾ മലയാളികളിൽ ചിലരുടെ പേരുകൾ – ബിജോയ്, ഷിബു, എന്നിങ്ങനെയുണ്ടല്ലോ. ഇവ ശരിക്കു ബംഗാൾ, ആസ്സാം തുടങ്ങി സ്ഥലങ്ങളിലെ പേരുകളാണ്. ‘വ’ എന്ന ശബ്ദം അവർ ‘ബ’ എന്നും ‘അ’ എന്നത് ‘ഒ’ എന്നും ‘ശ’ എന്ന ശബ്ദം ‘ഷ’ എന്നും ഉച്ഛരിക്കുന്നു. വിജയ് എന്ന വാക്കു അവർക്കു ബിജോയ് ആണ്. വിജയ എന്നത് ബിജോയ. ജ്യോതി ബോഷു എന്ന പേര് യഥാർത്ഥത്തിൽ ജ്യോതി വാസു ആണ്. ‘ഷിബു’ എന്നത് മറ്റൊന്നുമല്ല ‘ശിവ’ എന്നാണ്. പൂർവാശ്രമത്തിൽ തുളസീദാസ് എന്ന് പേരുള്ള സന്ദീപാനന്ദഗിരിയെ എതിരാളികൾ വിളിക്കുന്നത് അയ്യപ്പൻറെ അച്ഛനായ ശിവന്റെ പേര് ഷിബു. ശാസ്താവിന്റെ ഓരോ ലീലകൾ.
Bijibal
Musicdirector