തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് സംസാരിച്ച സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനു നേരെയുള്ള ആക്രമണത്തിനു പിന്നില്‍ സിപിഎം ആണെന്ന് ബിജെപി പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപിക്കു നേരെ അടിസ്ഥാനമില്ലാത്ത ആരോപണമാണ് ഉന്നയിക്കുന്നതെന്നും പാര്‍ട്ടിക്കെതിരെ ജനവികാരം സൃഷ്ടിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആക്രമണത്തിനു പിന്നില്‍ ബിജെപിയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു. സ്വാമിയെ ഇല്ലാതാക്കുകയായിരുന്നു ആക്രമികളുടെ ലക്ഷ്യമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള ഇക്കാര്യത്തില്‍ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ മതനിരപേക്ഷ മനസ് സന്ദീപാനന്ദ ഗിരിക്കൊപ്പമാണെന്നും കുറ്റവാളികളെ എത്രയും വേഗം പിടികൂടുമെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ അക്രമികള്‍ കാറിന് തീയിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആശ്രമത്തിന് മുന്നില്‍ റീത്തും വച്ചിട്ടുണ്ട്. തീ ആളിപ്പടരുന്നത് കണ്ട ആശ്രമത്തിലുള്ളവര്‍ അഗ്‌നിശമന സേനയെ വിവരം അറിയിച്ചു. അവരെത്തിയാണ് തീയണച്ചത്.ആക്രമണത്തിന് പിന്നില്‍ സംഘപരിവാറും അയ്യപ്പധര്‍മസേന സംസ്ഥാന പ്രസിഡന്റ് രാഹുല്‍ ഈശ്വറും തന്ത്രി കുടുംബവുമാണെന്ന് സ്വാമി സന്ദീപാനന്ദ ഗിരി പ്രതികരിച്ചു. ഇതിന് അവര്‍ മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.