Swami Saswathikananda’s murder; new team

തിരുവനന്തപുരം : മൈക്രോഫിനാന്‍സ് കേസിന് പുറമെ വെള്ളാപ്പള്ളിക്ക് വെല്ലുവിളി ഉയര്‍ത്തി ശാശ്വതീകാനന്ദ സ്വാമിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട തുടരന്വേഷണവും.

യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ച അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്ന് ചൂണ്ടികാട്ടി ജൂലൈ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന് സ്വാമിയുടെ കുടുംബം കൈമാറിയ പരാതിയില്‍ പുതിയ ടീമിനെ നിയോഗിക്കാനാണ് സര്‍ക്കാരിന്റെ നീക്കം.

ഇതു സംബന്ധമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ക്രൈം ബ്രാഞ്ച് മേധാവി അനന്തകൃഷ്ണന്‍ എന്നിവരുടെ റിപ്പേര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ തീരുമാനമുണ്ടാകും.

ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമാണെന്ന് ഉറച്ച്വിശ്വസിക്കുന്ന കുടുംബം സത്യസന്ധരായ ഉദ്യോഗസ്ഥരടങ്ങുന്ന ടീം കേസന്വേഷിച്ചാല്‍ സത്യാവസ്ഥ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ജേക്കബ് തോമസിനോ ഋഷിരാജ് സിങ്ങിനോ അന്വേഷണചുമതല നല്‍കണമെന്ന ആവശ്യം കുടുബം അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും തുടരന്വേഷണം മാത്രം പ്രഖ്യാപിച്ചിരുന്ന അധികൃതര്‍ എറണാകുളം റേയ്ഞ്ച് ക്രൈം ബ്രാഞ്ച് എസ്പി മധുവിനാണ് ചുമതല കൈമാറിയിരുന്നത്.

ഇതിനെതിരെ കുടുംബം പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല.

ഭരണം മാറിയ സാഹചര്യം മുന്‍നിര്‍ത്തിയാണ് പിണറായിയെ നേരിട്ട് കണ്ട് കുടുംബം പരാതി നല്‍കിയത്.

ഇപ്പോള്‍ മൈക്രോ ഫിനാന്‍സ് കേസില്‍ വെള്ളാപ്പള്ളി നടേശനെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത് സ്വാമിയുടെ കുടുംബത്തിന്റെ ആത്മവിശ്വാസവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ശിവഗിരി മഠാധിപതി പ്രകാശാനന്ദസ്വാമിയുടെയും സെന്‍ട്രല്‍ ജയിലില്‍ വിചാരണ തടവുകാരനായ സജീഷിന്റെയും വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ ടീമിനെ കൊണ്ട് അന്വേഷിക്കണമെന്ന്ശ്രീനാരായണ ധര്‍മ്മവേദിയും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്

സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് ഫോര്‍ട്ട്‌കൊച്ചി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയുമടക്കം 114 പേരില്‍ നിന്ന് മൊഴിയെടുത്തതായി വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ അന്വേഷണ ടീം വരുകയാണെങ്കില്‍ ഇവരെ രണ്ടു പേരേയും അന്വേഷണ സംഘം ചോദ്യം ചെയ്‌തേക്കും.

സ്വാമിയുടെ മരണം പോലും വൈകിയറിഞ്ഞ തനിക്ക് സംഭവത്തെക്കുറിച്ച് ഒന്നുമറിയില്ലെന്ന് സാക്ഷി പട്ടികയിലുള്ള ആലുവ സ്വദേശി സജീവ് വെളിപ്പെടുത്തി.

രണ്ടു ഘട്ടങ്ങളിലായി പഴുതുകളില്ലാത്ത അന്വേഷണം നടത്തിയെന്ന ക്രൈം ബ്രാഞ്ച് വാദത്തിന്റെ മുനയൊടിക്കുന്ന
വെളിപ്പെടുത്തലാണിത് . സംഭവ ദിവസം സ്ഥലത്തു പോലുമില്ലാതിരുന്നയാള്‍ എങ്ങനെ സാക്ഷിപ്പട്ടികയിലെത്തി എന്നതില്‍ തന്നെയുണ്ട് ദുരൂഹത .

ഇക്കാര്യങ്ങളില്‍ സമഗ്രമായ അന്വേഷണം ഉണ്ടായാല്‍ സത്യാവസ്ഥ പുറത്ത് വരുമെന്നാണ് സ്വാമിയുടെ കുടുംബവും ശ്രീനാരായണ ധര്‍മ്മവേദി പ്രവര്‍ത്തകരും പ്രതീക്ഷിക്കുന്നത്.

Top