പദ്മപുരസ്‌കാര വിതരണച്ചടങ്ങ് വേദി. ഒരു നിമിഷം അവിടേക്ക് ശുഭ്ര വസ്ത്രധാരിയായ ഒരാളെത്തി. അരക്കയ്യന്‍ ജുബ്ബയും മുട്ടറ്റം നീളുന്ന മുണ്ടും ധരിച്ച അദ്ദേഹം വേദിയില്‍ എത്തിയ ഉടനെ പ്രധാനമന്ത്രിയുടെ മുന്നിലെത്തി നമസ്‌കരിച്ചു. തിരിച്ച് പ്രധാനമന്ത്രിയും എഴുന്നേറ്റ് കൈകൂപ്പി തൊഴുന്നു. പിന്നീട് രാഷ്ട്രപതിയുടെ അടുത്തെത്തിയപ്പോഴും ഇതു തന്നെ ആവര്‍ത്തിച്ചു കൊണ്ടാണ് രാജ്യം തനിക്ക് നല്‍കിയ പദ്മശ്രീ ആ യോഗി വര്യന്‍ ഏറ്റു വാങ്ങിയത്. 125 വയസുള്ള യോഗിയുടെ പേരാണ് സ്വാമി ശിവാനന്ദ.
യോഗയ്ക്കും മാനുഷിക മൂല്യങ്ങള്‍ക്കും സമര്‍പ്പിക്കപ്പെട്ട ജീവിതമാണ് സ്വാമി ശിവാനന്ദയുടേത്. തന്റെ ജീവിതരീതികൊണ്ടുതന്നെ അദ്ദേഹമത് തെളിയിക്കുകയും ചെയ്തു. പുലര്‍ച്ചെ മൂന്ന് മണിക്ക് ഉണരുന്ന ശിവാനന്ദയുടെ ഭക്ഷണരീതികള്‍ അനുകരിക്കാന്‍ അല്‍പം പ്രായസമുള്ളതാണ്. എണ്ണയോ മസാലയോ ചേര്‍ത്ത ഒരു തരത്തിലുള്ള ഭക്ഷണവും കഴിക്കില്ല. പാലും പഴവര്‍ഗങ്ങളും നിഷിദ്ധം. ചോറും ഡാല്‍ കറിയുമാണ് ആഹാരം. കൂടാതെ, ദിവസും രണ്ടോ മൂന്നോ പച്ചമുളകും നിര്‍ബന്ധമാണ്. ഈ ജീവിതരീതികൊണ്ടുതന്നെ ഒരു തരത്തിലുള്ള രോഗവും ശിവാനന്ദയെ തേടി വരാന്‍ ധൈര്യം കാണിച്ചിട്ടില്ല.
ബംഗ്‌ളാദേശിലെ സിലത്ത് ജില്ലയില്‍ 1896 ഓഗസ്റ്റ് എട്ടിനാണ് ശിവാനന്ദ ജനിച്ചത്. ആറുവയസില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട അദ്ദേഹം തുടര്‍ന്നുള്ള ജീവിതം തന്റെ ഗുരുവായ ഓകാരാനന്ദ ഗോസ്വാമിയുടെ ആശ്രമത്തില്‍ ചിലവഴിച്ചു. യോഗ അഭ്യസിച്ചതും അവിടെ നിന്നുമായിരുന്നു. അറുന്നൂറിലധികം കുഷ്ഠരോഗികള്‍ക്ക് തന്റെ ജീവിതത്തിലൂടെ അദ്ദേഹം സാന്ത്വനമേകി.സ്വാമി ശിവാനന്ദയുടെ ആരോഗ്യ രഹസ്യം തേടി ലോകത്തെമ്പാടുമുള്ള പ്രശസ്തരായ ഡോക്ടര്‍മാര്‍ ഗവേഷണങ്ങളില്‍ മുഴുകി. യോഗയില്‍ അധിഷ്ഠിതമായ ജീവിതവും ഭക്ഷണക്രമവും തന്നെയാണ് ഈ 125ആം വയസിലും ശിവാനന്ദയെ ഊര്‍ജസ്വലനായി മുന്നോട്ടു നയിക്കുന്നത്.