തൃശൂര്‍: നെഞ്ചുവേദനയുണ്ടായതിനെ തുടര്‍ന്ന് സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനെ വീണ്ടും ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കാണ് സ്വപ്‌നയെ പ്രവേശിപ്പിച്ചിരിക്കുന്നത്. കേസിലെ മറ്റൊരു പ്രതി റമീസിനെയും ആശുപത്രിയില്‍ പരിശോധനയ്ക്കായി കൊണ്ടുവന്നിട്ടുണ്ട്. വയറുവേദനയെ തുടര്‍ന്നാണ് റമീസിനെ കൊണ്ടുവന്നിരിക്കുന്നത്.
ഇതിനുമുമ്പ്, ആറ് ദിവസത്തെ ചികിത്സയ്ക്കു ശേഷം ശനിയാഴ്ചയാണ് സ്വപ്ന സുരേഷ് ആശുപത്രി വിട്ടത്. ചികിത്സയില്‍ തുടരാന്‍ തക്ക ആരോഗ്യ പ്രശ്‌നങ്ങളൊന്നും സ്വപ്നയ്ക്കില്ലെന്നു പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് യോഗം വിലയിരുത്തിയതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയശേഷം ശനിയാഴ്ച ഉച്ചയ്ക്കു മൂന്നോടെ സ്വപ്നയെ വിയ്യൂര്‍ വനിതാ ജയിലിലേക്കു മാറ്റുകയായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇസിജിയില്‍ വ്യതിയാനം കണ്ടതിനെ തുടര്‍ന്ന് മെഡിസിന്‍ വിഭാഗം ഐസിയുവില്‍ പ്രവേശിപ്പിച്ചത്. മാനസിക സമ്മര്‍ദം മൂലം ഹൃദയത്തിലേക്കുള്ള രക്ത പ്രവാഹത്തിന്റെ അളവു നേരിയ തോതില്‍ കുറഞ്ഞതാണ് ശാരീരിക അസ്വസ്ഥതയ്ക്കു കാരണമായതെന്നാണ് മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയത്. തുടര്‍ന്നു വനിതാ തടവുകാര്‍ക്കുള്ള സെല്ലില്‍ കിടത്തിയാണ് ചികിത്സ നടത്തിയത്. രക്തപ്രവാഹം സാധാരണ നിലയിലായെന്നു വ്യക്തമായ സാഹചര്യത്തിലാണ് ഡിസ്ചാര്‍ജ് ചെയ്ത്. എന്നാല്‍ ഞായറാഴ്ച വൈകിട്ട് വീണ്ടുംനെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.